ന്യൂഡൽഹി: ജാർഖണ്ഡിൽ അറസ്റ്റിലായ മലയാളി വൈദികൻ ഫാ. ബിനോയ് ജോണിനെ ഉടൻ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ മനുഷ്യാവകാശ കമ്മിഷൻ, ദേശീയ ന്യൂനപക്ഷ കമ്മിഷൻ, പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള മന്ത്രി ജിതേന്ദ്ര സിങ് എന്നിവർക്ക് ഡീൻ കുര്യാക്കോസ് എം.പി. കത്തുനൽകി.

വൈദികന്റെ അറസ്റ്റ് അതിക്രൂരമായ മനുഷ്യാവകാശ ലംഘനമാണെന്നും വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിങ്കളാഴ്ച ഘോണ്ട ജയിലിലെത്തി ഫാ. ബിനോയിയെ സന്ദർശിക്കുമെന്നും ഡീൻ പത്രസമ്മേളനത്തിൽ പറഞ്ഞു.

“നാലുവർഷമായി ധ്യാനകേന്ദ്രം നടത്തുന്ന ഫാ. ബിനോയ് ആദിവാസികളുടെ ഭൂമി കൈയേറിയെന്നും മതപരിവർത്തനം നടത്തിയെന്നുമാണ് പോലീസ് ആരോപിക്കുന്നത്. വ്യാജ ആരോപണമാണിത്. വൈദികൻ നടത്തുന്ന സ്ഥാപനം അടച്ചുപൂട്ടിക്കുക എന്നതാണ് ഇതിനുപിന്നിലെ ലക്ഷ്യം. സംഭവത്തിൽ പോലീസും ഭരണകൂടവും ഒത്തുകളിച്ചു. മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ ചെയ്തിട്ടില്ല. ഡോക്ടറെ കാണിച്ച് വൈദ്യപരിശോധന നടത്താതെ വ്യാജമായ ശാരീരികക്ഷമത സർട്ടിഫിക്കറ്റാണ് പോലീസ് ഹാജരാക്കിയത്”- അദ്ദേഹം ആരോപിച്ചു. മതസ്വാതന്ത്ര്യം ഹനിക്കപ്പെടുകയും ന്യൂനപക്ഷ അവകാശം ലംഘിക്കപ്പെടുകയും ചെയ്തെന്നും ഡീൻ കുറ്റപ്പെടുത്തി.

content highlights:  Fr Binoy John arrested in  Jharkhand