ന്യൂഡൽഹി: നാവികസേനയുടെ കൈവശമുള്ള അഞ്ച് അന്തർവാഹിനികളിൽ നാലെണ്ണവും തകരാറിലായതോടെ പാകിസ്താൻ ചൈനയുടെ സഹായം തേടിയതായി ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ. അഞ്ചാമത്തേത് ഭാഗികമായിമാത്രം ഉപയോഗിക്കാവുന്ന നിലയിലാണെന്ന് പേരുവെളിപ്പെടുത്താത്ത ഔദ്യോഗികവൃത്തങ്ങൾ ദേശീയമാധ്യമത്തോട് പറഞ്ഞു.

കടലിനടിയിൽ പാക് സൈന്യത്തിന് നിലവിൽ ബലം കുറവാണ്. പുൽവാമ ആക്രമണത്തിനുശേഷം സമുദ്രത്തിൽ പാക് സൈനികബലം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ചൈനയുടെ സഹായം തേടിയതെന്നാണ് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ പറയുന്നത്. അഗോസ്റ്റ 90 ബി എന്ന ഫ്രഞ്ച് നിർമിത അന്തർവാഹിനികളാണ് പാകിസ്താൻ ഉപയോഗിച്ചുവരുന്നത്.

ഫെബ്രുവരി 14-ന് കശ്മീരിൽ 40 ഇന്ത്യൻ സുരക്ഷാഭടന്മാരെ ഭീകരാക്രമണത്തിൽ വധിച്ചശേഷം ഫെബ്രുവരി 26-നാണ് ഇന്ത്യ തിരിച്ച് വ്യോമാക്രമണം നടത്തിയത്. തൊട്ടടുത്തദിവസം ഇന്ത്യയുടെ പടിഞ്ഞാറൻ തീരങ്ങളിൽ പാകിസ്താൻ അന്തർവാഹിനി കാണപ്പെട്ടിരുന്നു. പാകിസ്താൻ നാവികവിന്യാസത്തെക്കുറിച്ച് കൃത്യമായ ബോധ്യമുണ്ടെന്നും എന്തുസാഹചര്യവും നേരിടാൻ തയ്യാറാണെന്നും അധികൃതർ വ്യക്തമാക്കി.

Content Highlights: four pakistan submarines are undergoing with major refits and repairs