മുംബൈ: മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്‌മുഖിനെതിരേ ഗുരുതര ആരോപണവുമായി മുംബൈ പോലീസ് കമ്മിഷണർ സ്ഥാനത്തുനിന്ന് പുറത്തായ പരംബീർസിങ്. ബാറുടമകളിൽനിന്ന് പ്രതിമാസം 100 കോടി പിരിച്ചെടുക്കാൻ മന്ത്രി ദേശ്‌മുഖ് വിവാദ പോലീസുദ്യോഗസ്ഥൻ സച്ചിൻ വാസെയ്ക്ക് നിർദേശം നൽകിയതായിട്ടുള്ള വെളിപ്പെടുത്തലാണ് പരംബിർ സിങ് നടത്തിയിട്ടുള്ളത്.

മുഖ്യമന്ത്രി ഉദ്ധവ് താക്കറേയ്ക്ക് അയച്ച കത്തിലാണ് പരംബീർ സിങ്ങിന്റെ ഈ വിവാദ വെളിപ്പെടുത്തൽ. മുംബൈയിൽ 1750 ബാറുകൾ ഉണ്ടെന്നും ഒരു ബാറിൽനിന്ന് പ്രതിമാസം രണ്ട് മുതൽ മൂന്ന് ലക്ഷം രൂപ വരെ പിരിച്ചെടുത്താൽ 30 മുതൽ 40 ലക്ഷം രൂപ ലഭിക്കുമെന്നും ബാക്കി തുക മറ്റ് മാർഗങ്ങളിൽ സ്വരൂപിക്കാമെന്നും പരംബീർസിങ്ങിന്റെ കത്തിൽ പറയുന്നു.

കത്ത് പുറത്തു വന്നതിനെത്തുടർന്ന് മന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി. രംഗത്തു വന്നു. തനിക്കെതിരേ ഉയർന്ന ആരോപണം മന്ത്രി നിഷേധിച്ചു. പരംബിർ സിങ്ങിന് വാസേയോടുള്ള ബന്ധം മറയ്ക്കാനായിട്ടാണ് തനിക്കെതിരേ അദ്ദേഹം ആരോപണം ഉന്നയിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. മുകേഷ് അംബാനിയുടെ വസതിക്ക് സമീപത്തുനിന്ന് ജലാറ്റിൻസ്റ്റിക്കുകളുമായി എസ്.യു.വി. വാഹനം കണ്ടെത്തിയ സംഭവത്തിൽ എൻ.ഐ.എ. അറസ്റ്റ് ചെയ്തിട്ടുള്ള ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനാണ് വാസെ.

വാസെ പരംബിർ സിങ്ങിന് നേരിട്ടായിരുന്നു റിപ്പോർട്ട് ചെയ്തുകൊണ്ടിരുന്നത്. അംബാനിയുടെ വസതിക്ക് മുമ്പിൽ ജലാറ്റിൻ സ്റ്റിക്കുകളുമായി കണ്ടെടുത്ത വാഹനത്തിന്റെ ഉടമ മൻസുഖ് ഹിരേന്റെ ദുരൂഹ മരണവുമായി വാസെയ്ക്ക് ബന്ധമുണ്ടെന്ന് പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്‌നവിസ് നിയമസഭയിൽ വെളിപ്പെടുത്തൽ നടത്തിയത് സർക്കാരിനെ പ്രതിരോധത്തിലാക്കുകയായിരുന്നു. ആഭ്യന്തരമന്ത്രിക്ക് സംഭവത്തെക്കുറിച്ച് വിവരം ലഭിക്കാതെ പോയതിൽ അദ്ദേഹത്തിന്റെ പാർട്ടി നേതാവായ ശരദ്പവാറിനും അമർഷം ഉണ്ടായി. തുടർന്ന് പരംബിർ സിങ്ങിനെ കമ്മിഷണർ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് പവാർ മുഖ്യമന്ത്രി ഉദ്ധവ് താക്കറേയോട് ആവശ്യപ്പെടുകയായിരുന്നു.

ഘാട്‌കോപ്പർ സ്ഫോടനക്കേസ് പ്രതി ക്വാജ യുനൂസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ പ്രതിസ്ഥാനത്തായിരുന്ന വാസെയെ പോലീസിൽ തിരികെ പ്രവേശിപ്പിച്ചത് പരംബിർ സിങ് അധ്യക്ഷനായിരുന്ന സമിതിയായിരുന്നു. വാസെയെയും പരംബിർസിങ്ങിനെയും പിന്താങ്ങി ശിവസേന രംഗത്തുവരികയും ചെയ്തു.

content highlights: former mumbai police commissioner raises corruption allegation against anil deshmukh