ന്യൂഡല്‍ഹി: ബാബ്‌റി മസ്ജിദ് ആക്ഷന്‍ കമ്മിറ്റി നേതാവും എം.പി.യുമായിരുന്ന സയ്യിദ് ഷഹാബുദ്ദീന്‍ (82) അന്തരിച്ചു. ദീര്‍ഘനാളായി രോഗബാധിതനായിരുന്ന ഷഹാബുദ്ദീന്റെ അന്ത്യം നോയ്ഡയിലെ ആസ്​പത്രിയിലായിരുന്നു. റാഞ്ചി സ്വദേശിയാണ്.

നയതന്ത്രജ്ഞന്‍, പാര്‍ലമെന്റേറിയന്‍, അഭിഭാഷകന്‍, സാമൂഹികപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രാഗല്ഭ്യം തെളിയിച്ചു. ശരീഅത്ത് നിയമം, ബാബ്‌റി മസ്ജിദ് വിഷയങ്ങളില്‍ ശ്രദ്ധേയപോരാട്ടം നടത്തി.

ഐ.എഫ്.എസ്. ഉദ്യോഗസ്ഥനായ ഷഹാബുദ്ദീന്‍ വിദേശകാര്യമന്ത്രാലയത്തില്‍ ദക്ഷിണപൂര്‍വേഷ്യ, ഇന്ത്യന്‍ മഹാസമുദ്രം, പസഫിക് മേഖലകളുടെ ചുമതലയുള്ള ജോയന്റ് സെക്രട്ടറിയായിരുന്നു. വിരമിച്ചശേഷം ജനതാപാര്‍ട്ടി സെക്രട്ടറിയായി ദേശീയ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തനം തുടങ്ങി. 1979-96 കാലഘട്ടത്തില്‍ മൂന്നുതവണ പാര്‍ലമെന്റംഗമായി.

സുപ്രീംകോടതി അഭിഭാഷകനായിരുന്നു. ഓള്‍ ഇന്ത്യ മുസ്ലിം മജ്‌ലിസെ മുശാവറ മുന്‍ അധ്യക്ഷനാണ്. 1983-ല്‍ സ്വന്തം പത്രാധിപത്യത്തില്‍ ഷഹാബുദ്ദീന്‍ തുടങ്ങിയ 'മുസ്ലിം ഇന്ത്യ' 20 വര്‍ഷത്തോളം സമുദായവുമായി ബന്ധപ്പെട്ട ലേഖനങ്ങളും മറ്റും പ്രസിദ്ധീകരിച്ചു.

ഷഹാബുദ്ദീന്റെ നിര്യാണത്തില്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി അനുശോചനം രേഖപ്പെടുത്തി. ഓരോ വിഷയത്തിലും വ്യക്തമായ നിലപാടുണ്ടായിരുന്ന വ്യക്തിയായിരുന്നു ഷഹാബുദ്ദീനെന്ന് ഉപരാഷ്ട്രപതി അനുസ്മരിച്ചു.