ന്യൂഡൽഹി: പ്രതിപക്ഷാംഗങ്ങളുടെ പ്രതിഷേധത്തിനും മുദ്രാവാക്യം വിളികൾക്കുമിടെ സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് രാജ്യസഭാംഗമായി സത്യപ്രതിജ്ഞചെയ്തു.

‘ഷെയിം’ (നാണക്കേട്), ‘ഡീൽ’ (കൂട്ടുകച്ചവടം) എന്നീ മുദ്രാവാക്യങ്ങളുയർത്തിയായിരുന്നു പ്രതിപക്ഷ ബഹളം. സമാജ്‌വാദി പാർട്ടി ഒഴികെയുള്ള പ്രതിപക്ഷാംഗങ്ങൾ സഭയിൽനിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. പാർലമെന്റംഗമായി സത്യപ്രതിജ്ഞചെയ്യുന്നതിനിടെ പ്രതിഷേധവും ബഹളവും ചരിത്രത്തിലാദ്യമാണ്.

വ്യാഴാഴ്ച രാവിലെ സഭാധ്യക്ഷൻ വെങ്കയ്യനായിഡു സത്യപ്രതിജ്ഞയ്ക്കായി ഗൊഗോയിയെ വിളിച്ചതുമുതൽ കോൺഗ്രസിന്റെയും ഇടതുപാർട്ടികളുടെയും നേതാക്കളുൾപ്പെടെയുള്ള പ്രതിപക്ഷാംഗങ്ങൾ മുദ്രാവാക്യം വിളികളുമായി എഴുന്നേറ്റു. ഗൊഗോയിയുടെ അംഗത്വം നാണക്കേടാണെന്നും സർക്കാരുമായുള്ള കൂട്ടുകച്ചവടമാണിതെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം. ഗൊഗോയ് സത്യവാചകം ചൊല്ലുന്നതിനിടെ പ്രതിപക്ഷാംഗങ്ങൾ ഇറങ്ങിപ്പോവുകയും ചെയ്തു. നാമനിർദേശം ചെയ്യപ്പെട്ട മറ്റൊരംഗമായ സോണാൽ മാൻസിങ്ങിന്റെ സമീപത്തെ സീറ്റിൽ ഒരു മണിക്കൂറോളം ഇരുന്നശേഷം ഗൊഗോയ് സഭയിൽനിന്നു പോയി.

അധികംവൈകാതെ അവർ തന്നെ സ്വാഗതം ചെയ്യുമെന്നായിരുന്നു ഗൊഗോയിയുടെ പ്രതികരണം. തനിക്കു വിമർശകരില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഗൊഗോയിയുടെ കുടുംബാംഗങ്ങളും സത്യപ്രതിജ്ഞ കാണാനെത്തിയിരുന്നു.

പ്രതിപക്ഷാംഗങ്ങൾ ബഹളംവെച്ചതിനെ സഭാധ്യക്ഷൻ വെങ്കയ്യ നായിഡു വിമർശിച്ചു. രാഷ്ട്രപതിയുടെ അധികാരം നിങ്ങൾക്കെല്ലാമറിയാമെന്നും പ്രതിഷേധമുണ്ടെങ്കിൽ അത്‌ പുറത്താണ്‌ നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മുൻ ചീഫ് ജസ്റ്റിസ് ഉൾപ്പെടെ പ്രമുഖർ നേരത്തേയും സഭയിലെത്തിയിട്ടുണ്ടെന്നും ഗൊഗോയിയുടെ വരവ് മുതൽക്കൂട്ടാണെന്നും നിയമമന്ത്രി രവിശങ്കർ പ്രസാദ് പ്രതികരിച്ചു.

കെ.ടി.എസ്. തുളസി വിരമിച്ച ഒഴിവിലേക്കാണ് സർക്കാർ ഗൊഗോയിയെ നാമനിർദേശം ചെയ്തത്. അയോധ്യ, റഫാൽ തുടങ്ങിയ വിഷയങ്ങളിൽ സർക്കാർ അനുകൂല വിധി പറഞ്ഞതിനാൽ ഗൊഗോയിയുടെ നാമനിർദേശത്തിനെതിരേ സുപ്രീംകോടതിയിലെ മുൻ ജഡ്‌ജിമാരും പ്രതിപക്ഷ നേതാക്കളുമെല്ലാം രംഗത്തെത്തിയിരുന്നു. വിരമിച്ച ജഡ്‌ജിമാർ പദവികൾ സ്വീകരിക്കുന്നത് ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിനു കളങ്കമേൽപ്പിക്കുമെന്നു പറഞ്ഞ ഗൊഗോയ് തന്നെ അതു ചെയ്തതാണ് വിമർശനത്തിന്റെ മൂർച്ചകൂട്ടിയത്.

content highlights: former chief justice ranjan gogoi takes oath as rajyasabha mp