ന്യൂഡൽഹി: വിദേശ പൗരത്വമുള്ള ഇന്ത്യക്കാർക്ക് (ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ കാർഡുടമകൾ) തബ്‌ലീഗ് സമ്മേളനങ്ങളിൽ പങ്കെടുക്കാനും രാജ്യത്തുവന്ന് മിഷനറി പ്രവർത്തനങ്ങൾ, പത്രപ്രവർത്തനവുമായി ബന്ധപ്പെട്ട ജോലികൾ എന്നിവ ചെയ്യാനും സർക്കാരിന്റെ മുൻകൂർ അനുമതി വാങ്ങണമെന്ന് ആഭ്യന്തരമന്ത്രാലയം ഉത്തരവിട്ടു.

ഇന്ത്യയിലുള്ള വിദേശ നയതന്ത്ര ഓഫീസുകൾ, വിദേശ സർക്കാരുകളുടെ ഇന്ത്യയിലെ ഓഫീസുകൾ എന്നിവയിൽ ജോലി ചെയ്യാനും വിദേശത്തെ ഇന്ത്യൻ എംബസികളിൽ ഇന്റേൺഷിപ്പ് ചെയ്യാനും പ്രത്യേകാനുമതി വാങ്ങേണ്ടതുണ്ട്.

ഒ.സി.ഐ. കാർഡുള്ളവർക്ക് എത്രപ്രാവശ്യം ഇന്ത്യയിൽ വന്നുപോകുന്നതിനും തടസ്സമില്ല. അതിന് മുഴുവൻകാല വിസ നൽകും. എന്നാൽ, മേൽപ്പറഞ്ഞ പ്രവർത്തനങ്ങൾക്കും ഗവേഷണത്തിനും വരുന്നവർ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ബന്ധപ്പെട്ട ഓഫീസിൽനിന്നോ വിദേശത്തുള്ള ഇന്ത്യൻ എംബസികളിൽ നിന്നോ പ്രത്യേകാനുമതി വാങ്ങണം. മറ്റാവശ്യങ്ങൾക്കാണ് വരുന്നതെങ്കിൽ പ്രത്യേകാനുമതി ആവശ്യമില്ല.

ഒ.സി.ഐ. കാർഡുടമകൾ ഇന്ത്യയിൽ ഫോറിനേഴ്‌സ് രജിസ്‌ട്രേഷൻ ഓഫീസിലോ മേഖലാ ഓഫീസുകളിലോ രജിസ്റ്റർ ചെയ്യണമെന്ന നിബന്ധന ഒഴിവാക്കി. രജിസ്‌ട്രേഷനില്ലാതെ എത്രകാലം വേണമെങ്കിലും താമസിക്കാം. എന്നാൽ, ജോലിയും സ്ഥിരംതാമസവും മാറുമ്പോൾ അക്കാര്യം അറിയിക്കണം.

ആഭ്യന്തര വിമാന ടിക്കറ്റുകൾ, ദേശീയോദ്യാനങ്ങൾ,സ്മാരകങ്ങൾ, മ്യൂസിയങ്ങൾ തുടങ്ങിയവയുടെ പ്രവേശന ടിക്കറ്റുകൾ എന്നിവയ്ക്ക് ഇന്ത്യക്കാരിൽനിന്ന് ഈടാക്കുന്ന നിരക്ക് മാത്രമേ ഒ.സി.ഐ. കാർഡുകാരിൽനിന്ന് ഈടാക്കാവൂ. അവർക്ക് ഇന്ത്യയിൽ വസ്തുക്കൾ വാങ്ങാനും വിവിധ ജോലികൾ ചെയ്യാനുമുള്ള അവകാശം തുടരും.

കഴിഞ്ഞകൊല്ലം കോവിഡ് അടച്ചിടൽ തുടങ്ങിയസമയത്ത് ഡൽഹിയിലെ തബ്‌ലീഗ് ആസ്ഥാനത്തുനിന്ന് വിസാചട്ടം ലംഘിച്ചതിന് 233 വിദേശ തബ്‌ലീഗ് പ്രവർത്തകരെ അറസ്റ്റു ചെയ്തിരുന്നു.