ന്യൂഡല്‍ഹി/പട്‌ന: ബിഹാറില്‍ രണ്ടാഴ്ചയോളമായി തുടരുന്ന കനത്തമഴയിലും പ്രളയത്തിലും മരിച്ചവരുടെ എണ്ണം 26 ആയി. 22 ലക്ഷത്തോളം പേര്‍ പ്രളയത്തിന്റെ കെടുതികള്‍ അനുഭവിക്കുകയാണെന്നാണ് ദുരന്തനിവാരണസേനയുടെ റിപ്പോര്‍ട്ട്. പ്രധാനനദിയായ കോസി പലയിടത്തും കരകവിഞ്ഞൊഴുകുകയാണ്. കിഷന്‍ഗഞ്ച് ജില്ലയില്‍ 10 പേരും പുര്‍നിയയില്‍ ഏഴുപേരും വെള്ളപ്പൊക്കക്കെടുതിയില്‍ മരിച്ചു.
 
1.83 ലക്ഷം ഹെക്ടര്‍ കൃഷിയിടങ്ങള്‍ വെള്ളത്തിനടിയിലാണ്. ഇതില്‍ 83 ലക്ഷം ഹെക്ടറിലെ കൃഷിനശിച്ചു. രാജ്യത്തെ പ്രധാനനഗരങ്ങളായ ഡല്‍ഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലും കനത്തമഴ ജനജീവിതത്തെ സാരമായി ബാധിച്ചു. താഴ്ന്നപ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിന് സമാനമായ സ്ഥിതിയാണ്. റോഡുകളില്‍ വെള്ളം കയറിയതുമൂലം ഗതാഗതക്കുരുക്കും രൂക്ഷമായി. 
 
ബെംഗളൂരുവില്‍ രണ്ടുദിവസമായി തോരാമഴയാണ്. ഐ.ടി. ഹബ്ബായ ഇലക്ട്രോണിക് സിറ്റി, ബൊമ്മനഹള്ളി മേഖലകളിലാണ് വെള്ളപ്പൊക്കം രൂക്ഷം. കൊടിചിക്കനഹള്ളിയില്‍ 500 വീടുകളില്‍ വെള്ളം കയറി. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദമാണ് മഴയ്ക്കുകാരണമെന്നും മൂന്നുദിവസംകൂടി ഈ സ്ഥിതി തുടരുമെന്നും കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു.