ലഖ്‌നൗ/ഗുവാഹാട്ടി: ഉത്തർപ്രദേശും ബിഹാറും വടക്കുകിഴക്കൻ സംസ്ഥാനങ്ങളും കാലവർഷക്കെടുതിയിൽ. പ്രളയം ബാധിച്ച യു.പി.യിൽ 15 പേരും അസമിൽ ആറുപേരും മരിച്ചു. ബിഹാറിലെ കിഷൻഗഞ്ചിൽ രണ്ടു കുട്ടികൾക്കും ജീവൻ നഷ്ടമായി.

ഇവിടങ്ങളിൽ വരുംദിനങ്ങളിലും മഴ തുടരുമെന്നാണു കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം.

അസമിലെ വടക്കുകിഴക്കൻ മേഖലയിലെ 21 ജില്ലയിലായി 15 ലക്ഷംപേരെ പ്രളയം ബാധിച്ചു. ഗുവാഹാട്ടിയിലൂടെ ഒഴുകുന്ന ബ്രഹ്മപുത്ര ഉൾപ്പെടെ ആറുനദികളിലെ ജലനിരപ്പ് അപകടകരമായ നിലയിൽ ഉയർന്നു. 27,000 ഹെക്ടറോളം വയൽ വെള്ളത്തിലായി. സംസ്ഥാനത്ത് ഏഴായിരത്തിലധികംപേരെ ദുരിതാശ്വാസക്യാമ്പുകളിലേക്കു മാറ്റി. പ്രളയം ഏറ്റവുമധികം ബാധിച്ച ബർപേട്ടയിൽ 85,000-ത്തിലധികംപേർ അഭയം തേടുകയാണെന്നു സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. കാശിരംഗ ദേശീയോദ്യാനത്തിൽ വെള്ളപ്പൊക്കത്തിൽനിന്നു കാണ്ടാമൃഗങ്ങളെ രക്ഷിക്കാനായി ഉയർന്ന തിട്ടകൾ ഒരുക്കേണ്ടിവന്നു.

ബിഹാറിലെ ആറുജില്ലകളെ കാലവർഷം ഗുരുതരമായി ബാധിച്ചെന്നും ദുരന്തനിവാരണ സംഘങ്ങൾ രക്ഷാപ്രവർത്തനം നടത്തിവരികയാണെന്നും സംസ്ഥാന ദുരന്തനിവാരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പ്രത്യ അമൃത് അറിയിച്ചു.

അരുണാചൽപ്രദേശിൽ മഴക്കെടുതിയിൽ രണ്ടുപേർ മരിക്കുകയും രണ്ടുപേരെ കാണാതാകുകയും ചെയ്തു. അയൽരാജ്യമായ ഭൂട്ടാനിലെ താഴ്ന്നപ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്.

യു.പി.യിലെ 14 ജില്ലകളിൽ നാലുദിവസമായി കനത്തമഴയാണ്. 133 കെട്ടിടങ്ങൾ തകർന്നു 23 കന്നുകാലികൾ ചത്തു. വരുംദിനങ്ങളിൽ മേഘാലയ, ഉത്തരാഖണ്ഡ്, ബംഗാൾ, സിക്കിം എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട മേഖലകളിൽ അതിശക്തമായ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്.

Cntent Highlights: Floods, UP, Bihar, North Esat