ന്യൂഡൽഹി: അടച്ചിടലിനെത്തുടർന്ന് റദ്ദാക്കിയ വിമാന ടിക്കറ്റുകളുടെ മുഴുവൻ നിരക്കും തിരിച്ചുനൽകണമെന്നാവശ്യപ്പെടുന്ന ഹർജിയിൽ സുപ്രീംകോടതി കേന്ദ്രത്തിനു നോട്ടീസയച്ചു. അടച്ചിടൽ കാലയളവിൽ റദ്ദാക്കുകയും അതിനുമുൻപ് ബുക്ക് ചെയ്തതുമായ ടിക്കറ്റുകളുടെ തുക മടക്കിനൽകാത്തത് ഏകപക്ഷീയ നടപടിയാണെന്ന് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് വാക്കാൽ നിരീക്ഷിച്ചു. തുടർന്നാണ് പ്രവാസി ലീഗൽ സെൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാമിന്റെ ഹർജിയിൽ മറുപടി നൽകാൻ കേന്ദ്രത്തോടാവശ്യപ്പെട്ടത്.

വ്യോമയാന മന്ത്രാലയം ഏപ്രിൽ 16-നിറക്കിയ ഉത്തരവ് ആശങ്കയുണ്ടാക്കുന്നെന്നുകാട്ടിയാണ് ഹർജി നൽകിയത്. അടച്ചിടൽ കാലയളവിൽ ബുക്ക് ചെയ്ത ടിക്കറ്റിന്റെ തുക മടക്കിനൽകുമെന്നാണ് ഉത്തരവിൽ പറയുന്നത്. അതിനുമുൻപ് ബുക്ക് ചെയ്ത് റദ്ദാക്കപ്പെട്ട ടിക്കറ്റുകളുടെ കാര്യം പറയുന്നില്ല. പ്രവാസികളുൾപ്പെടെ ഒട്ടേറെപ്പേർ വളരെമുമ്പേ ആഭ്യന്തര, അന്താരാഷ്ട്ര യാത്രകൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നു. അവർക്കും തുക മടക്കിനൽകാൻ നിർദേശിക്കണമെന്ന് വ്യോമയാന മന്ത്രാലയത്തോടാവശ്യപ്പെടണമെന്ന് ഹർജിയിൽ പറഞ്ഞു.

Content Highlights: Flight tickets Supreme court