ന്യൂഡൽഹി: കോവിഡിനെത്തുടർന്ന് പതിവ് അന്താരാഷ്ട്ര വിമാനസർവീസുകൾ നിർത്തിവെച്ചിരിക്കുകയാണെങ്കിലും കൂടുതൽ രാജ്യങ്ങൾക്കിടയിൽ പരിമിതമായതോതിൽ നിയന്ത്രണങ്ങളോടെയുള്ള സർവീസ് നടത്തുമെന്ന് വ്യോമയാനമന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞു.

ഇപ്പോൾ അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, യു.എ.ഇ., ഖത്തർ, മാലദ്വീപ് എന്നീ രാജ്യങ്ങളിലേക്ക് സർവീസ് ആരംഭിച്ചിട്ടുണ്ട്. ഇങ്ങനെ സർവീസ് നടത്തുന്നതിനെ ‘എയർ ബബ്‌ൾ’ എന്നാണ് വിശേഷിപ്പിക്കുന്നത്. 13 രാജ്യങ്ങളുമായിക്കൂടി ഇതുപോലെ ‘എയർ ബബ്‌ൾ’ ധാരണ ഉണ്ടാക്കുമെന്ന് മന്ത്രി പറഞ്ഞു.

ഓസ്‌ട്രേലിയ, ഇറ്റലി, ജപ്പാൻ, ന്യൂസീലൻഡ്, നൈജീരിയ, ബഹ്‌റൈൻ, ഇസ്രയേൽ, കെനിയ, ഫിലിപ്പീൻസ്, റഷ്യ, സിങ്കപ്പൂർ, ദക്ഷിണകൊറിയ, തായ്‌ലൻഡ് എന്നീ രാജ്യങ്ങളുമായിട്ടാണ് പുതുതായി വിമാനസർവീസിന് ധാരണ ഉണ്ടാക്കുന്നത്. അയൽരാജ്യങ്ങളായ ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ, നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങളുമായും പരിമിതമായ തോതിലുള്ള സർവീസ് ആലോചനയിലുണ്ട്. മാർച്ച് 23-നാണ് വിദേശ വിമാന സർവീസുകൾ നിർത്തിവെച്ചത്.

Content Highlights: Flight operations India