ശ്രീനഗർ: ജമ്മുകശ്മീരിൽ ഭീകരർക്ക് ചുട്ടമറുപടി നൽകി സൈന്യം. ഷോപിയാനിലെ രണ്ടു ഏറ്റുമുട്ടലുകളിലായി അഞ്ചു ഭീകരരെ സൈനികർ വധിച്ചു. തിങ്കളാഴ്ച പൂഞ്ച് മേഖലയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ മലയാളി ജവാൻ വൈശാഖ് ഉൾപ്പെടെ അഞ്ചു സൈനികർ വീരമൃത്യു വരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഷോപിയാനിൽ സൈനികനടപടിയുണ്ടായത്.

തുൽറാൻ, ഇമാംസാഹബ് മേഖലയിൽ തിങ്കളാഴ്ച രാത്രി തിരച്ചിൽ നടത്തുന്നതിനിടെയാണ് ലഷ്കറെ തൊയ്ബയുടെ നിഴൽസംഘടനയായ ദ റെസിസ്റ്റൻസ് ഫ്രണ്ടിലെ (ടി.ആർ.എഫ്.) മൂന്നു ഭീകരരെ വധിച്ചത്. ശ്രീനഗറിൽ തെരുവുവ്യാപാരിയെ വധിച്ച കേസിലെ പ്രതി മുഖ്താർ ഷായും ഇതിൽ പെടും. ഫീരിപോര മേഖലയിൽ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച തിരച്ചിൽ നടത്തുന്നതിനിടെയുണ്ടായ ഏറ്റുമുട്ടലിലാണ് മറ്റു രണ്ടുപേരെ വധിച്ചത്. കഴിഞ്ഞയാഴ്ച സാധാരണക്കാർക്കു നേരെയുണ്ടായ രണ്ട് ആക്രമണങ്ങൾക്കു പിന്നിൽ പ്രവർത്തിച്ചവരെ ഇതോടെ വധിച്ചതായി സൈനികവൃത്തങ്ങൾ അറിയിച്ചു.

ഇമാംസാഹബിൽനിന്ന് ആയുധങ്ങളും സ്ഫോടകവസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ടെന്ന് കശ്മീർ മേഖലാ പോലീസ് ട്വിറ്ററിൽ അറിയിച്ചു. അതിനിടെ, തിങ്കളാഴ്ച അഞ്ചു സൈനികരുടെ മരണത്തിനിടയാക്കിയ ഏറ്റുമുട്ടലിനു പിന്നാലെ അതിർത്തി ജില്ലകളായ പൂഞ്ചിലും രജൗരിയിലും ചൊവ്വാഴ്ച ഭീകർക്കായുള്ള തിരച്ചിൽ ഊർജിതമാക്കി. ഭീകരർ പാൻഗായ് വനമേഖലയിലേക്ക് കടന്നുവെന്നും പിന്തുടർന്നെത്തിയ സൈന്യവുമായി വീണ്ടും ഏറ്റുമുട്ടലുണ്ടായെന്നും വിവരമുണ്ട്.

അതിർത്തിയോടു ചേർന്ന സൗഞ്ജാന ഗ്രാമത്തിൽ പാകിസ്താനിൽ നിന്നെത്തിയ ഡ്രോൺ ആയുധം നിക്ഷേപിച്ച സംഭവത്തിൽ ഒരു ലഷ്കർ ഭീകരനെ അറസ്റ്റുചെയ്തു. ദക്ഷിണകശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ വെരിനാഗ് സ്വദേശിയായ ഇർഫാൻ അഹമ്മദ് ഭട്ട് ആണ് പിടിയിലായത്.

സൈനികരുടെ മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും

ജമ്മു: തിങ്കളാഴ്ച പൂഞ്ചിൽ വീരമൃത്യു വരിച്ച അഞ്ചു സൈനികർക്ക് രജൗരിയിലെ സൈനികക്യാമ്പിൽ നടന്ന ചടങ്ങിൽ ആദരാഞ്ജലിയർപ്പിച്ചു. മുതിർന്ന സൈനികരും പൗരപ്രമുഖരും മൃതദേഹങ്ങളിൽ പുഷ്പചക്രം സമർപ്പിച്ചു. ബുധനാഴ്ച അഞ്ചുപേരുടെയും മൃതദേഹങ്ങൾ ജന്മനാട്ടിലേക്കയക്കും.