ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന്റെ വിജയം വൻ ആഘോഷമാക്കി പാർട്ടിപ്രവർത്തകർ. വോട്ടെണ്ണൽ തുടങ്ങി ആദ്യസൂചനകൾ വന്നുതുടങ്ങിയപ്പോൾമുതൽ ഡൽഹിയിലെ 24 അക്ബർ റോഡിലേക്ക് കോൺഗ്രസ് പ്രവർത്തകരുടെ ഒഴുക്കായിരുന്നു.

പിന്നീടങ്ങോട്ട് വോട്ടെണ്ണൽ പുരോഗമിക്കുന്തോറും എ.ഐ.സി.സി. ആസ്ഥാനം ഉത്സവപ്രതീതിയിലായി. പാർട്ടിപതാകയേന്തിയും പടക്കം പൊട്ടിച്ചും കോൺഗ്രസ് ആസ്ഥാനത്തെ അവർ ഉത്സവപ്പറമ്പാക്കി. അതേസമയം, ഇതിന്റെ നേർവിപരീത കാഴ്ചയായിരുന്നു ഐ.ടി.ഒ.യിലെ ബി.ജെ.പി. ദേശീയാസ്ഥാനത്ത്. അധികാരത്തിലുണ്ടായിരുന്ന മൂന്നുസംസ്ഥാനങ്ങളിലും തിരിച്ചടി നേരിട്ടതിന്റെ ആഘാതത്തിലായിരുന്നു പ്രവർത്തകർ. പ്രതികരിക്കാൻപോലും അവർ തയ്യാറായില്ല.

ഏറെക്കാലത്തിനുശേഷമാണ് കോൺഗ്രസിന്റെ വിജയം പാർട്ടിപ്രവർത്തകർ ആഘോഷിക്കുന്നതിന് എ.ഐ.സി.സി. ആസ്ഥാനം സാക്ഷ്യംവഹിച്ചത്. ‘രാഹുൽഗാന്ധി സിന്ദാബാദ്’ ‘രാഹുൽ വിജയിച്ചു’ തുടങ്ങിയ മുദ്രാവാക്യങ്ങളായിരുന്നു ഉയർന്നുകേട്ടത്. ‘രാഹുൽ അടുത്ത ഇന്ത്യൻ പ്രധാനമന്ത്രി’ എന്നെഴുതിയ ബാനറുകളും പ്രവർത്തകർ സ്ഥാപിച്ചു. വോട്ടെണ്ണൽ പുരോഗമിക്കവേ കോൺഗ്രസിന്റെ വിജയത്തിനായി രാഹുൽഗാന്ധിയുടെ വീടിനുപുറത്ത് പ്രവർത്തകർ പൂജയും നടത്തി.

രാഹുൽ, സോണിയ, പ്രിയങ്ക, മധ്യപ്രദേശ് നേതാവ് കമൽനാഥ്, രാജസ്ഥാൻ നേതാവ് സച്ചിൻ പൈലറ്റ് എന്നിവരുടെ ചിത്രങ്ങളുമായായിരുന്നു ഒരുവിഭാഗം പ്രവർത്തകരുടെ വിജയാഹ്ലാദം. പഞ്ചാബ് മന്ത്രി നവ്‌ജ്യോത് സിങ് സിദ്ധു, പാർട്ടി ദേശീയ വക്താവ് പ്രിയങ്ക ചതുർവേദി തുടങ്ങിയവരും ആഘോഷത്തിൽ പങ്കുചേർന്നു. പ്രക്ഷുബ്ധമായ കടലിൽ കപ്പലിനെ നയിക്കുന്ന കപ്പിത്താനെപ്പോലെയാണ് രാഹുൽഗാന്ധി പ്രതിസന്ധിഘട്ടത്തിൽ പാർട്ടിയെ നയിച്ചതെന്ന് സിദ്ധു പറഞ്ഞു.