യൂത്ത്കോൺഗ്രസിലൂടെ രാഷ്ട്രീയത്തിലെത്തിയ കെ. ചന്ദ്രശേഖരറാവു പിന്നീട് തെലുഗുദേശം പാർട്ടിയിലൂടെയാണ് സംസ്ഥാനരാഷ്ട്രീയത്തിൽ ചുവടുറപ്പിച്ചത്. പ്രത്യേക തെലങ്കാനയ്ക്കുവേണ്ടി തെലങ്കാന രാഷ്ട്രസമിതിയെന്ന പാർട്ടി രൂപവത്കരിച്ച് പ്രക്ഷോഭത്തിനിറങ്ങിയ അദ്ദേഹം ഇന്ന് രാജ്യം കണ്ട ഏറ്റവും ശക്തരായ നേതാക്കളിലൊരാളായി മാറിക്കഴിഞ്ഞു. നിയമസഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ വീണ്ടും തെലങ്കാനയെ നയിക്കാനെത്തുകയാണ് 64-കാരനായ കെ. ചന്ദ്രശേഖരറാവു.

ഒരു ജനതയുടെ നേതാവ്

മേദക് ജില്ലയിലെ ചിന്ദമടക്ക ഗ്രാമത്തിലെ കർഷകകുടുംബത്തിൽ ജനനം. യൂത്ത് കോൺഗ്രസ് അംഗമെന്ന നിലയ്ക്ക് രാഷ്ട്രീയരംഗത്ത് പ്രവേശിച്ചു. 1983-ൽ സിനിമാതാരം എൻ.ടി. രാമറാവു സ്ഥാപിച്ച തെലുഗുദേശം പാർട്ടിയിൽ അംഗമായി. അതേവർഷം സിദ്ദിപ്പേട്ടിൽ കോൺഗ്രസ് സ്ഥാനാർഥിക്കെതിരേ നിയമസഭയിലേക്ക് മത്സരിച്ച് തോറ്റു.

1985-ൽ വീണ്ടും അതേ മണ്ഡലത്തിൽ മത്സരിച്ച് ജയിച്ച കെ.സി.ആറിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. നിയമസഭയിലേക്കും ലോക്‌സഭയിലേക്കുമായി ഇതുവരെ നേടിയത് 13 വിജയങ്ങൾ.

തെലങ്കാന രാഷ്ട്രസമിതിയുടെ അധ്യക്ഷനും സ്ഥാപകനേതാവുമായി. തെലങ്കാന മേഖലയിൽ നിന്നുള്ളവർ രാഷ്ട്രീയമായി അടിച്ചമർത്തപ്പെടുന്നു എന്നാരോപിച്ച് 2001-ലാണ് ടി.ആർ.എസ്. രൂപവത്കരിച്ചത്. ചന്ദ്രബാബു നായിഡു സർക്കാരിന്റെ കാലത്ത് ഡെപ്യൂട്ടി സ്പീക്കർ പദവി വഹിക്കവേയായിരുന്നു രാജി. ചന്ദ്രശേഖർ റാവുവിന്റെയും ടി.ആർ.എസ്സിന്റെയും നിരന്തര സമ്മർദത്തിന്റെ ഫലമായാണ് തെലങ്കാന സംസ്ഥാനം രൂപവത്‌കൃതമായത്.

ആനുകൂല്യങ്ങളുടെ പെരുമഴ

രണ്ടാമത്തെ തിരഞ്ഞെടുപ്പിൽ ജനങ്ങൾക്കിടയിലേക്ക് എത്തിയപ്പോൾ, സാമൂഹികസുരക്ഷാ, കാർഷിക പദ്ധതികളായിരുന്നു കെ.സി.ആറിനെ താരമാക്കിയത്. തമിഴ്‌നാട്ടിൽ ജയലളിതയുടെ കാലത്തുണ്ടായിരുന്നപോലെ, സൗജന്യങ്ങളുടെ പെരുമഴയാണ് കെ.സി.ആറിന്റെ ഭരണത്തിൽ തെലങ്കാനയിൽ ഉണ്ടായിരുന്നത്.

കർഷകർക്ക് വർഷംതോറും ഒരേക്കറിന് 8000 രൂപയാണ് തെലങ്കാനയിൽ സഹായധനമായി നൽകുന്നത്. സഹായംകൊടുക്കുന്നതിന് വരുമാനപരിധിയോ ഭൂമി പരിധിയോ ഇല്ല. വീണ്ടും അധികാരത്തിലെത്തിയാൽ ഇതു പതിനായിരമാക്കുമെന്നാണ് കെ.സി.ആറിന്റെ വാഗ്ദാനം.

പാവപ്പെട്ട സ്ത്രീകളുടെ കല്യാണത്തിന് 1,00,116 രൂപയാണ് തെലങ്കാനസർക്കാർ നൽകുന്നത്. ഇക്കഴിഞ്ഞ നാലുവർഷങ്ങളിൽ 3.6 ലക്ഷംപേർക്ക് ഈ സഹായം കിട്ടിയതായാണ് കണക്കുകൾ കാണിക്കുന്നത്. നിലവിൽ 1000 രൂപയാണ് സംസ്ഥാനത്ത് വാർധക്യപെൻഷൻ. അവിഭക്ത ആന്ധ്രയിൽ ഇത് 200 രൂപയായിരുന്നു. ടി.ആർ.എസിന്റെ വാഗ്ദാനം 2,016 രൂപയാണ്. പെൻഷൻ പ്രായം 65 വയസ്സിൽനിന്ന് 57 വയസ്സാക്കും. യുവാക്കൾക്കുള്ള തൊഴിലില്ലായ്മവേതനം 3,016 രൂപയാക്കുമെന്നാണ് ടി.ആർ.എസ്സിന്റെ വാഗ്ദാനം.

ആരോപണങ്ങളും അനവധി

കഴിഞ്ഞ നാലുവർഷത്തിനിടെ കെ.സി.ആറിന്റെ ആസ്തി 41 ശതമാനം വർധിച്ച് 22.6 കോടിരൂപയിലാണ് എത്തിയത്. കുടുംബക്കാരെ അധികാരപദവികളിലേക്ക് ഉയർത്തുന്നതിനും അദ്ദേഹം വിമർശനം നേരിടുന്നു. മകൻ കെ.ടി. രാമറാവുവും മരുമകൻ ഹരീഷ് റാവുവും മന്ത്രിയാണ്. മകൾ കെ. കവിത എം.പി.യാണ്.

Content Highlights: Five State Assembly Elections