ന്യൂഡൽഹി:അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാതിരഞ്ഞെടുപ്പുഫലം ലോക്‌സഭാ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന കോൺഗ്രസിന് ആത്മവിശ്വാസം കൂട്ടും. വൻവിജയമില്ലെങ്കിലും കേവലഭൂരിപക്ഷമെങ്കിലും നേടി നരേന്ദ്രമോദിതന്നെ വീണ്ടും അധികാരത്തിലേറുമെന്നായിരുന്നു രണ്ടുദിവസം മുമ്പുവരെ കോൺഗ്രസ് നേതാക്കൾ പോലും സ്വകാര്യമായി പറഞ്ഞിരുന്നത്. ഇതിൽനിന്നു ഏറെ മാറ്റമുണ്ടായി എന്നാണ് പാർട്ടി ഇപ്പോൾ വിശ്വസിക്കുന്നത്.

2017 ഡിസംബർ 11-നാണ് കോൺഗ്രസ് അധ്യക്ഷനായി രാഹുൽ ചുമതലയേറ്റത്. അതിന്റെ ഒന്നാംവാർഷികത്തിൽ അദ്ദേഹത്തിന്റെയും കോൺഗ്രസിന്റെയും ആത്മവിശ്വാസം ഏറെ ഉയർത്തുന്നതായി തിരഞ്ഞെടുപ്പു ഫലം. ഇതുമുൻനിർത്തി ഇനി കേന്ദ്രസർക്കാരിനെതിരേ സഭയ്ക്കകത്തും പുറത്തും ശക്തമായി പോരാടാനാണ് പാർട്ടി തീരുമാനം.

തിങ്കളാഴ്ച 21 പ്രതിപക്ഷ പാർട്ടികൾ യോഗംചേർന്ന് ഒരുമിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചതോടെ ബി.ജെ.പി.ക്കു ശക്തമായ വെല്ലുവിളിയായി പ്രതിപക്ഷം മാറുമെന്ന് ഏറക്കുറെ ഉറപ്പായി.

ദളിതരും രാജസ്ഥാനിൽ രജപുത്രരും കോൺഗ്രസിനൊപ്പം ചേർന്നു. ജാതിരാഷ്ട്രീയം ബ.ിജെ.പി.യെ തുണച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് പെട്രോളിനു വില കുറച്ച തന്ത്രവും കോൺഗ്രസ് പ്രചാരണവിഷയമാക്കിയിരുന്നു. ഇതോടൊപ്പം സ്ത്രീകൾക്കെതിരായ പീഡനങ്ങൾ വർധിച്ചതും ആൾക്കൂട്ടക്കൊലയെ ബി.ജെ.പി. ന്യായീകരിക്കുന്നെന്ന തോന്നലും കോൺഗ്രസിന് നേട്ടമായി.

തീവ്രഹിന്ദുത്വ തീവ്രവാദികളുടെ ആക്രമണങ്ങളും പശുവിന്റെ പേരിലുള്ള കൊലപാതകങ്ങളും മുസ്‌ലിം ജനതയെ പൂർണമായും അരക്ഷിതാവസ്ഥയിലാക്കിയിട്ടുണ്ട്. ഇത് കോൺഗ്രസിന്റെ വോട്ടുശതമാനം കൂട്ടുന്നതിൽ നിർണായകമായി.

ഇപ്പോഴുള്ള ജയത്തോടെ കോൺഗ്രസിന് പ്രാദേശികപാർട്ടികളുടെ മേൽ കൂടുതൽ അപ്രമാദിത്വവും കൈവന്നിരിക്കുന്നു.

കാൽ നൂറ്റാണ്ടായി ബി.ജെ.പി.യും കോൺഗ്രസും മാറിമാറി ഭരിക്കുന്ന രാജസ്ഥാനിൽ ബി.ജെ.പി. മുഖ്യമന്ത്രി വസുന്ധര രാജെക്കെതിരേ സ്വന്തം പാർട്ടിക്കുള്ളിൽ നിന്നുപോലും മുറുമുറുപ്പുയർന്നിരുന്നു. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റിനെ നിയമിക്കുന്ന കാര്യത്തിൽ പോലും കേന്ദ്രനേതൃത്വവുമായി വസുന്ധരയ്ക്ക് അഭിപ്രായവ്യത്യാസമുണ്ടായി.

തങ്ങൾ അധികാരത്തിലെത്തി 10 ദിവസത്തിനകം കാർഷികകടം എഴുതിത്തള്ളുമെന്ന രാഹുൽഗാന്ധിയുടെ പ്രഖ്യാപനം കർഷകരെ കോൺഗ്രസിനൊപ്പം നിർത്തി. രജപുത്രവിഭാഗക്കാരുടെ ഇടയിൽ സ്വാധീനമുണ്ടായിരുന്ന ആനന്ദപാൽ സിങ് എന്ന കൊള്ളസംഘാംഗം പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് രജപുത്രരെ ഭരണകക്ഷിയിൽ നിന്നകറ്റി.

ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിൽ 14 വർഷമായി മധ്യപ്രദേശ് ഭരിക്കുന്ന ബി.ജെ.പി.യെ കോൺഗ്രസ് ചെറുത്തത് അതിനു മുമ്പ് 10 വർഷം ഭരിച്ച തങ്ങളെ താഴെയിറക്കാൻ ബി.ജെ.പി. ഉപയോഗിച്ച അതേതന്ത്രം ഉപയോഗിച്ചാണ്. 90 ശതമാനം ഹിന്ദുക്കളുള്ള സംസ്ഥാനത്ത് കന്യാപൂജയും നർമദാ വന്ദനവും നടത്തിയാണ് രാഹുൽ പ്രചാരണം തുടങ്ങിയത്. ശത്രു നിഗ്രഹശേഷിയുണ്ടെന്നു വിശ്വസിക്കുന്ന പീതാംബരപീഠിൽ നടത്തിയ ദർശനത്തിനു ശേഷമാണിത്. ഒരേസമയം ഹിന്ദുത്വ-മതേതരത്വ വേഷങ്ങൾ മാറിമാറിയണിഞ്ഞു. ഇത് ഹിന്ദുവോട്ടർമാർക്കിടയിൽ സ്വീകാര്യതയുണ്ടാക്കി; ആറു ശതമാനം വരുന്ന മുസ്‌ലിങ്ങൾക്കിടയിലും. ഉദ്യോഗസ്ഥരും കർഷകരും കോൺഗ്രസിനൊപ്പം നിന്നതും മുന്നേറ്റത്തിനു കാരണമായി.

രാജസ്ഥാനിലെപ്പോലെ വലിയ ഭരണവിരുദ്ധവികാരമൊന്നുമില്ലാത്തതിനാൽ വീണ്ടും അധികാരത്തിൽ കയറാമെന്ന ബി.ജെ.പി. കിങ് മേക്കർ രമൺസിങ്ങിന്റെ പ്രതീക്ഷയാണ് ഛത്തീസ്ഗഢിൽ കോൺഗ്രസ് തകർത്തത്. 13 വർഷം ഗുജറാത്ത് മുഖ്യമന്ത്രിയായ നരേന്ദ്രമോദിയുടെ റെക്കോഡ് തകർത്ത് 15 വർഷം അധികാരത്തിലിരുന്ന രമൺസിങ് വീണ്ടും അധികാരത്തിൽ കയറുന്നത് തടയാൻ, കോൺഗ്രസിനെ സഹായിച്ചത് കർഷകരുടെയും ദളിതരുടെയും പിന്തുണയാണ്.

Content Highlights: Five State Assembly Elections, Congress