ഛത്തീസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളിലെ കോൺഗ്രസിന്റെ മികച്ച പ്രകടനത്തോടെ ബി.ജെ.പി. വിരുദ്ധ രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായി രാഹുൽഗാന്ധി മാറിയിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ ഉയർത്തിക്കാട്ടാൻ കഴിയുന്ന ബദൽ നേതാവെന്ന നിലയിലുള്ള രാഹുലിന്റെ വളർച്ചയ്ക്കും തിരഞ്ഞെടുപ്പ് ഫലങ്ങൾ അടിവരയിടുന്നു.

ബി.ജെ.പി.ക്കെതിരേ ഉരുത്തിരിയുന്ന ഏതു വിശാല പ്രതിപക്ഷ സഖ്യത്തിന്റെയും അമരക്കാർ കോൺഗ്രസാകുമെന്നതാണ് ഇതിന്റെ സ്വാഭാവിക പരിണാമം. കഴിഞ്ഞ ഡിസംബറിൽ എ.ഐ.സി.സി. അധ്യക്ഷസ്ഥാനം ഏറ്റെടുത്ത രാഹുൽ ആ പദവിയിൽ ഒരു വർഷം തികയ്ക്കുമ്പോഴാണ് ഈ വിജയം. അത്, മാസങ്ങൾക്കകം നടക്കേണ്ട പൊതുതിരഞ്ഞെടുപ്പിൽ കോൺഗ്രസിനും രാഹുലിനും വലിയ ഊർജമാണ് നൽകിയിരിക്കുന്നത്.

ബി.ജെ.പി. നേരിട്ട ഭരണവിരുദ്ധവികാരം ഉൾപ്പെടെ ഒട്ടേറെ ഘടകങ്ങൾ കോൺഗ്രസിന്റെ നേട്ടത്തിന്‌ കാരണമായിട്ടുണ്ടാകാം. എങ്കിലും, രാഹുലിന്റെ നേതൃത്വത്തിൽ നടത്തിയ ചിട്ടയായ പ്രചാരണവും തന്ത്രവും ബി.ജെ.പി.യുടെ ശക്തമായ സംഘടനാസംവിധാനത്തിന്റെ സ്വാധീനം മറികടക്കാൻ സഹായിച്ചു. രാഹുൽതന്നെയായിരുന്നു പ്രചാരണ നായകൻ.

ശക്തനായ ഒരു ദേശീയനേതാവെന്ന നിലയിലേക്കുള്ള രാഹുലിന്റെ ഭാവപ്പകർച്ച എടുത്തുപറയേണ്ടതാണ്. കഴിഞ്ഞ കുറച്ചുകാലമായി രാഹുലിന്റെ നേതൃത്വത്തിൽ കോൺഗ്രസ് കൈവരിച്ച നിശ്ശബ്ദനേട്ടങ്ങൾ ആരും ശ്രദ്ധിച്ചിരുന്നില്ല. മോദിയുടെ തട്ടകമായ ഗുജറാത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി.യെ വിറപ്പിച്ചുവിടാൻ രാഹുലിനായി. പഞ്ചാബിൽ കോൺഗ്രസ് അധികാരം പിടിച്ചു. ഗോവയിൽ ഏറ്റവുംവലിയ ഒറ്റക്കക്ഷിയായെങ്കിലും ബി.ജെ.പി. തന്ത്രങ്ങളിലൂടെ സർക്കാരുണ്ടാക്കിയത് കോൺഗ്രസിന്‌ തിരിച്ചടിയായി. ഇതിൽനിന്ന്‌ പാഠമുൾക്കൊണ്ട് കർണാടകത്തിൽ ഏറ്റവുംവലിയ ഒറ്റക്കക്ഷിയായ ബി.ജെ.പി.യെ അധികാരത്തിൽനിന്ന് അകറ്റിനിർത്താൻ രാഹുലിന്റെ നേതൃപാടവത്തിന്‌ കഴിഞ്ഞു. ഗോവയിലെ തിരിച്ചടിക്കുള്ള മധുരപ്രതികാരംകൂടിയായി അത്.

ബി.ജെ.പി.യുടെ പരിഹാസത്തിനും വിമർശനത്തിനും നിരന്തരം പാത്രമായിരുന്ന നേതാവാണ് രാഹുൽ. അദ്ദേഹത്തിന്റെ ശൈലിയും ഇടയ്ക്കിടയുള്ള വിദേശയാത്രകളുമെല്ലാം എതിരാളികൾ ആയുധമാക്കി. എന്നാൽ, പ്രധാന പ്രതിപക്ഷപാർട്ടിയുടെ അധ്യക്ഷൻ എന്ന നിലയിൽ പക്വമതിയായ ഒരു നേതാവായി രാഹുൽ വളർന്നിരിക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ അടുത്തകാലത്തെ സമീപനങ്ങളും നടപടികളും വ്യക്തമാക്കുന്നത്.

മധ്യപ്രദേശിൽ കമൽനാഥ്, ജ്യോതിരാദിത്യ സിന്ധ്യ, ദിഗ്വിജയ് സിങ് എന്നീ പരസ്പരം പോരടിച്ച നേതാക്കളെ ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടാൻ രാഹുൽ സന്നദ്ധരാക്കി. രാജസ്ഥാനിൽ പ്രചാരണത്തിനിടെ ജാതിയുമായി ബന്ധപ്പെട്ട വിവാദപ്രസ്താവനയിലൂടെ മുതിർന്ന നേതാവ് സി.പി. ജോഷി ബി.ജെ.പി.ക്ക് രാഷ്ട്രീയ ആയുധം നൽകിയപ്പോൾ രാഹുലിന്റെ ഇടപെടൽ ശ്രദ്ധേയമായി. ജോഷിയുടെ പ്രസ്താവനയെ തള്ളിപ്പറയാനും വിവാദം മുളയിലേ നുള്ളാനും അദ്ദേഹത്തിന്‌ കഴിഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഏറെ വെല്ലുവിളികളാണ് പൊതുതിരഞ്ഞെടുപ്പിൽ രാഹുലിനെ കാത്തിരിക്കുന്നത്. പാർട്ടി ദുർബലമായ സംസ്ഥാനങ്ങളിൽ തന്ത്രപരമായ സഖ്യങ്ങളിലേർപ്പെടാനും ബി.ജെ.പി.വിരുദ്ധ വിശാല പ്രതിപക്ഷസഖ്യത്തിന്റെ സ്വാഭാവിക പ്രധാനമന്ത്രിസ്ഥാനാർഥിയാകാനും രാഹുലിന്‌ കഴിയുമോ എന്നാണ് കാണേണ്ടത്. അതിലേക്കുള്ള ആദ്യ ചുവടുവെപ്പ് അദ്ദേഹം നടത്തിക്കഴിഞ്ഞു.

Content Highlights: Five State Assembly Elections, Rahul Gandhi