ചെന്നൈ: മധുര രാജാജി സർക്കാർ ആശുപത്രിയിൽ വൈദ്യുതിമുടങ്ങിയ സമയത്ത്, ജീവൻരക്ഷാസംവിധാനമായ വെന്റിലേറ്ററിൽ കഴിഞ്ഞ അഞ്ചു രോഗികൾ മരിച്ചതിനെച്ചൊല്ലി പ്രതിഷേധം ശക്തമായി. വൈദ്യുതിവിതരണം മുടങ്ങിയതിനെത്തുടർന്ന് വെന്റിലേറ്റർ പ്രവർത്തനരഹിതമായതാണ് മരണകാരണമെന്ന് ആരോപിച്ചായിരുന്നു ബന്ധുക്കളുടെ പ്രതിഷേധം. നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ ആശുപത്രി ഉപരോധിക്കുകയായിരുന്നു.

ജനറേറ്റർ തകരാറിലായിരുന്നെങ്കിലും ബാറ്ററി ഉപയോഗിച്ച് വെന്റിലേറ്റർ പ്രവർത്തിപ്പിച്ചിരുന്നുവെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

കനത്തെ മഴയെത്തുടർന്ന് ചൊവ്വാഴ്ച വൈകീട്ട് 6.20-നും 7.20-നും ഇടയിലാണ് വൈദ്യുതിമുടക്കമുണ്ടായത്. ജനറേറ്റർ പ്രവർത്തിക്കാതിരുന്നതിനാൽ ആശുപത്രിവാർഡുകളിൽ വെളിച്ചമുണ്ടായിരുന്നില്ല. എന്നാൽ, ബാറ്ററിയിൽ വെന്റിലേറ്റർ പ്രവർത്തിപ്പിച്ചിരുന്നുവെന്ന് ആശുപത്രി ഡീൻ ഡോ. കെ. വനിത പറഞ്ഞു.

മരിച്ച അഞ്ചുപേരിൽ വിരുദുനഗർ ശ്രീവില്ലിപ്പൂത്തുർ സ്വദേശി രവിചന്ദ്രൻ (55), മധുര മേലൂർ സ്വദേശിനി മല്ലിക (55), ദിണ്ടിഗൽ ഒട്ടൻഛത്രം സ്വദേശിനി പഴനിയമ്മാൾ (60) എന്നിവരുടെ ബന്ധുക്കളാണ് പ്രതിഷേധവുമായി രംഗത്തുവന്നത്. എന്നാൽ, മൂന്നു രോഗികളും നേരത്തേതന്നെ ഗുരുതരാവസ്ഥയിലായിരുന്നെന്നും വൈദ്യുതി മുടങ്ങിയിരുന്ന സമയത്ത് മരണം സംഭവിച്ചത് യാദൃച്ഛികമാണെന്നുമാണ് ആശുപത്രി അധികൃതർ പറയുന്നത്. ഇൗ സമയംതന്നെ മരിച്ച മറ്റു രണ്ടുപേരുടെ ബന്ധുക്കൾക്ക് പരാതിയില്ലെന്നും വെന്റിലേറ്റർസഹായത്തിൽ കഴിഞ്ഞ മറ്റ് 10 രോഗികൾ സുരക്ഷിതരാണെന്നും ആശുപത്രി അധികൃതർ ചൂണ്ടിക്കാട്ടി.

Content Highlights: five patients died in madurai hospital due to power cut in icu