ലഖ്‌നൗ: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ചിത്രത്തിനുനേരെ പ്രതീകാത്മകമായി നിറയൊഴിക്കുകയും ഗാന്ധിഘാതകനായ നാഥുറാം വിനായക് ഗോഡ്‌സെയെ പ്രകീർത്തിക്കുകയും ചെയ്ത സംഭവത്തിൽ അഞ്ച് ഹിന്ദുമഹാസഭ പ്രവർത്തകർ അറസ്റ്റിൽ. മനോജ്, അഭിഷേക്, ഗജേന്ദ്ര, ഹരിശങ്കർ ശർമ, രാജീവ് എന്നിവരാണ് അറസ്റ്റിലായത്. ഹിന്ദുമഹാസഭ ദേശീയ ജനറൽ സെക്രട്ടറി പൂജ ശകുൻ ഉൾപ്പെടെ 13 പേർക്കെതിരേയാണ് ഉത്തർപ്രദേശ് പോലീസ് കേസെടുത്തിട്ടുള്ളത്..

ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനം രാജ്യം ആചരിക്കുന്ന നാളിലാണ് ഉത്തർപ്രദേശിലെ അലിഗഢ് മേഖലയിൽപ്പെട്ട നൗറംഗാബാദിൽ ഗോഡ്‌സെയുടെ പേരിൽ ഹിന്ദുമഹാസഭ പരിപാടി നടത്തിയത്. മാധ്യമങ്ങളിലൂടെ ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ 13 ആളുടെ പേരിലാണ് പോലീസ് കേസെടുത്തത്. വെടിയുതിർത്ത ഹിന്ദുമഹാസഭ വനിതാനേതാവ് പൂജ ശകുൻ പാണ്ഡെയും ഇതിലുൾപ്പെടുന്നു. രണ്ടുപേർ പിടിയിലായതായും പ്രതികളുടെ വീട് റെയ്ഡ് ചെയ്തതായും ബാക്കിയുള്ളവർ ഒളിവിലാണെന്നും അലിഗഢ് എസ്.എസ്.പി. ആകാശ് കൽഹരി പറഞ്ഞു.

പരിപാടിയുടെ വീഡിയോദൃശ്യങ്ങൾ പരിശോധിച്ചിട്ടുണ്ടെന്നും കർശന നടപടിയെടുക്കുമെന്നും അലിഗഢ് എ.എസ്.പി. നീരജ് ജദോൻ പറഞ്ഞു. കുറച്ചുവർഷങ്ങളായി യു.പി.യിൽ പലയിടത്തും ഹിന്ദുമഹാസഭയുടെ നേതൃത്വത്തിൽ ഗോഡ്‌സെയെ പ്രകീർത്തിച്ചും ഗാന്ധിജിയെ മോശമായി ചിത്രീകരിച്ചുമുള്ള ചടങ്ങുകൾ നടക്കാറുണ്ട്. മീററ്റിന് ഗോഡ്‌സെ നഗർ എന്ന് പേരുമാറ്റണമെന്നും ഹിന്ദുമഹാസഭ ആവശ്യപ്പെട്ടിരുന്നു. ഗോഡ്‌സെയെ തൂക്കിലേറ്റിയ നവംബർ 15 ബലിദാൻ ദിനമായി ഹിന്ദുമഹാസഭ ആചരിക്കുന്നുണ്ട്. കഴിഞ്ഞ നവംബറിൽ ഈ ദിനത്തിൽ നടന്ന യോഗത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സംഘടനയായ ഹിന്ദു യുവവാഹിനിയുടെ പ്രമുഖനേതാക്കൾ പങ്കെടുത്തിരുന്നു.

ഇതിനിടെ ഗാന്ധിജിയുടെ ചിത്രത്തിനുനേരെ വെടിവെച്ച പൂജ ശകുൻ പാണ്ഡെ ബി.ജെ.പി.യുടെ ചില മുതിർന്നനേതാക്കളുമായി അടുപ്പമുള്ള വ്യക്തിയാണെന്നതിന് തെളിവായി നേതാക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ പുറത്തുവന്നു. പൂജ 2017 മാർച്ച് 19-ന് ഫെയ്സ്ബുക്കിൽ ഇട്ട ചിത്രത്തിൽ കേന്ദ്രമന്ത്രി ഉമാഭാരതിയും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും ബി.ജെ.പി. നേതാവുമായ ശിവരാജ് സിങ് ചൗഹാനുമാണ് പൂജയ്ക്കൊപ്പമുള്ളത്.

Content Highlights: five hindu mahasabha activists are arrestef