ന്യൂഡൽഹി: താരങ്ങൾക്കു പകരം മത്സ്യത്തൊഴിലാളികളെ ബ്രാൻഡ് അംബാസഡർമാരാക്കി കേരള ടൂറിസത്തിന്റെ പ്രചാരണ പരിപാടി. വിദേശസഞ്ചാരികളെ ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള പരസ്യചിത്രത്തിലാണ് ഈ അവതരണം.

കേരളത്തിന്റെ മനോഹാരിതയും മനുഷ്യനുമായുള്ള ബന്ധവും വിഷയമാക്കിയാണ് ‘ഹ്യുമൻ ബൈ നേച്ചർ’ എന്ന പേരിലുള്ള ആഗോള പ്രചാരണപരിപാടി. ന്യൂയോർക്കിലെ വിഖ്യാത ഫോട്ടോഗ്രാഫർ ജോയി എൽ. തയ്യാറാക്കിയതാണ് കേരളക്കാഴ്ചകൾ. ഇതിനു പുറമേ, കേരളത്തിന്റെ തനതു ദൃശ്യസമ്പന്നത വിവരിക്കുന്ന മൂന്നു മിനിറ്റു ദൈർഘ്യമുള്ള വീഡിയോ പരസ്യചിത്രവും പുറത്തിറക്കി. ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ നടിയും നർത്തകിയുമായ ശോഭന പരസ്യചിത്രം പ്രകാശനം ചെയ്തു. ആഗോള പ്രചാരണ പരിപാടി ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.

വർഷങ്ങളോളമായി കേരളത്തിന്റെ ബ്രാൻഡ് ഏജൻസിയായി പ്രവർത്തിക്കുന്ന സ്റ്റാർക്ക് കമ്യൂണിക്കേഷൻസാണ് പരസ്യചിത്രം തയ്യാറാക്കിയത്. കുമരകം, ആലപ്പുഴ, അർത്തുങ്കൽ, ചെല്ലാനം, ഫോർട്ട് കൊച്ചി, മുനമ്പം, വയനാട്, കണ്ണൂർ, തളിപ്പറമ്പ് എന്നിവിടങ്ങളിലെ ദൃശ്യഭംഗി ഇതിനായി പകർത്തി. വിവേക് തോമസാണ് സംവിധായകൻ.

കേരള ടൂറിസത്തിന്റെ പ്രധാന വിപണികളായ അമേരിക്ക, ബ്രിട്ടൻ അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങൾ, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലെ സഞ്ചാരികളെ ലക്ഷ്യമിട്ടുള്ളതാണ് ആഗോള പ്രചാരണ പരിപാടി.

കഴിഞ്ഞവർഷം വിനോദസഞ്ചാരത്തിൽ നിന്നുള്ള കേരളത്തിന്റെ വരുമാനം 36,528 കോടി രൂപയായിരുന്നു. തലേവർഷത്തെ അപേക്ഷിച്ച് 2,874 കോടി രൂപ കൂടുതൽ. കഴിഞ്ഞവർഷം 1.67 കോടി വിനോദസഞ്ചാരികൾ കേരളം സന്ദർശിച്ചെന്നാണ് കണക്കുകൾ.

Content highlights: fishermen rescuers are the brand ambassadors of Kerala tourism