ന്യൂഡൽഹി: കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തരകാര്യ പാർലമെന്ററി സമിതി യോഗം അടുത്ത ബുധനാഴ്ച വിളിച്ചുചേർക്കുന്നു. സാധാരണരീതിയിൽതന്നെയാണ് യോഗം. ഇതോടെ, കോവിഡ് കാലത്ത് ഓൺലൈൻ വഴി പാർലമെന്ററിയോഗം നടത്തണമെന്ന ആവശ്യം നിരസിച്ചെന്നു വ്യക്തമായി.

രാജ്യത്ത് ഒന്നരലക്ഷത്തിലേറെപ്പേർക്ക് കോവിഡ് ബാധിച്ച പശ്ചാത്തലവും പ്രതിരോധനടപടികളും യോഗം ചർച്ച ചെയ്യും. കോവിഡിനെത്തുടർന്ന് അടച്ചിടൽ പ്രഖ്യാപിച്ചതിനുശേഷമുള്ള ആദ്യ യോഗമാണിത്. അന്നു മുതലുള്ള സ്ഥിതിഗതികളെല്ലാം യോഗം അവലോകനം ചെയ്യാനാണ് സാധ്യത. രോഗഭീഷണി തുടരുന്ന സാഹചര്യത്തിൽ ആരോഗ്യ മുൻകരുതൽ ഉറപ്പാക്കി യോഗം നടത്താനുള്ള നടപടിക്രമങ്ങളെന്തെന്ന് അറിവായിട്ടില്ല.

നേരത്തേ ഐ.ടി. പാർലമെന്ററി സമിതി അധ്യക്ഷൻ ശശി തരൂർ ഉൾപ്പെടെയുള്ളവർ യോഗങ്ങൾ ഓൺലൈനാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, രഹസ്യസ്വഭാവത്തെ ബാധിക്കുമെന്നതിനാൽ ലോക്‌സഭാ സ്പീക്കറും രാജ്യസഭാ ചെയർമാനും ഇത് അംഗീകരിക്കാൻ തയ്യാറായില്ല.

Content Highlights: first parliamentary meeting in next week after lock down