ന്യൂഡൽഹി: രണ്ടാം മോദി മന്ത്രിസഭയുടെ ആദ്യത്തെ സമ്പൂർണയോഗം ബുധനാഴ്ച ചേരും. സഹമന്ത്രിമാരടക്കമുള്ള മുഴുവൻ മന്ത്രിമാരും പങ്കെടുക്കും. തുടർന്ന്‌ പ്രധാനമന്ത്രിയും കാബിനറ്റ് മന്ത്രിമാരും പങ്കെടുക്കുന്ന പതിവു മന്ത്രിസഭായോഗവും നിശ്ചയിച്ചിട്ടുണ്ട്.

രണ്ടാം മന്ത്രിസഭയുടെ നയങ്ങൾ, പദ്ധതികൾ, ക്ഷേമപദ്ധതികൾ, മുൻഗണനകൾ തുടങ്ങിയവ മന്ത്രിമാർക്കു വിശദീകരിക്കുന്നതിനാണ്‌ സമ്പൂർണ യോഗം വിളിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പു പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ സമയബന്ധിതമായി നടപ്പാക്കുന്നതിനുള്ള സമയക്രമം യോഗത്തിൽ നിശ്ചയിക്കും. പാർലമെന്റിൽ വിവിധ വിഷയങ്ങളിൽ സ്വീകരിക്കേണ്ട സമീപനങ്ങളും പ്രധാനമന്ത്രി വിശദീകരിക്കും.

മന്ത്രിസഭ ചുമതലയേറ്റതിനു തൊട്ടടുത്തദിവസം മന്ത്രിസഭായോഗം ചേർന്നിരുന്നെങ്കിലും സമ്പൂർണയോഗം നടന്നില്ല. കേന്ദ്രമന്ത്രാലയങ്ങളിലെ സെക്രട്ടറിമാരുടെ യോഗം തിങ്കളാഴ്ച പ്രധാനമന്ത്രി വിളിച്ചുചേർത്തിരുന്നു. സർക്കാർ അനുകൂലവികാരം തിരഞ്ഞെടുപ്പിൽ ഉയർന്നതിന്‌ ഉദ്യോഗസ്ഥരുടെ മികച്ചപ്രവർത്തനം പ്രധാന പങ്കുവഹിച്ചെന്ന്‌ മോദി യോഗത്തിൽ അഭിപ്രായപ്പെട്ടു.

Content Highlights: First meet of council ministers, Modi government