മുംബൈ: പുണെയിൽ വസ്ത്രശാലയിലുണ്ടായ തീപ്പിടിത്തത്തിൽ അഞ്ചുതൊഴിലാളികൾ മരിച്ചു. പുറത്തുനിന്ന് പൂട്ടിയ കടയുടെ അകത്ത്‌ കുടുങ്ങിപ്പോയവരാണ് പുക പടർന്ന് ശ്വാസംമുട്ടി മരിച്ചത്. നഗരപ്രാന്തത്തിലെ ദേവാച്ചി ഉർളിയിലുള്ള രാജ്‌യുഗ് സാരി സെന്ററിൽ വ്യാഴാഴ്ച പുലർച്ചെ 4.30-ഓടെയാണ് തീപടർന്നത്. തൊഴിലാളികളിൽ ചിലർ അകത്ത് ഉറങ്ങാറുണ്ടെങ്കിലും മോഷണം ഭയന്ന് കട പുറത്തുനിന്ന് പൂട്ടിയാണ് കടയുടമകൾ വീട്ടിൽപോകുന്നത്. തീപടർന്നയുടൻ അകത്തുണ്ടായിരുന്ന ജീവനക്കാർ വിവരം മാനേജർമാരെ അറിയിച്ചു.

വിവരമറിഞ്ഞയുടൻ അഞ്ച് അഗ്നിരക്ഷാവാഹനങ്ങൾ സ്ഥലത്തെത്തി. വാതിൽപൊളിച്ച് പുറത്തെത്തിച്ചെങ്കിലും നാലുതൊഴിലാളികൾ ശ്വാസംമുട്ടി മരിച്ചിരുന്നു. അവശനിലയിലായ ഒരാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഷോർട്ട്‌ സർക്യൂട്ട് കാരണമാണ് തീപ്പിടിത്തമുണ്ടായതെന്ന് കരുതുന്നു.

Content Highlights: Fire brekout pune, textiles, killed five