ചണ്ഡീഗഢ്: ‘ഹരിയാണക്കാർക്ക് ഇനി കശ്മീരിൽനിന്നു പെണ്ണുകെട്ടാ’മെന്നു പറഞ്ഞ സംസ്ഥാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടാർ വിവാദത്തിൽ. ജമ്മുകശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയതുമായി ബന്ധപ്പെട്ടായിരുന്നു വെള്ളിയാഴ്ച ഫത്തേബാദിൽ മുഖ്യമന്ത്രിയുടെ വിവാദപ്രസംഗം.

‘പെൺകുട്ടികളുടെ എണ്ണം ആൺകുട്ടികളുടേതിലും കുറഞ്ഞാൽ പ്രശ്നങ്ങളുണ്ടാകാം. വധുക്കളെ ബിഹാറിൽനിന്നു കൊണ്ടുവരേണ്ടിവരുമെന്ന് നമ്മുടെ ധൻകർജി പറഞ്ഞിട്ടുണ്ട്. കശ്മീർ തുറന്നല്ലോ, അവടെനിന്നു പെണ്ണുകൊണ്ടുവരാം എന്നാണ് ഇപ്പോൾ ചിലർ പറയുന്നത്. തമാശ മാറ്റിവെച്ചാൽ, ഈയൊരനുപാതം ശരിയായാൽ സമൂഹത്തിൽ ശരിയായ സന്തുലനമുണ്ടാകും’ -അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തുനിന്നു കിട്ടിയില്ലെങ്കിൽ യുവാക്കൾക്കു ബിഹാറിൽനിന്ന് വധുക്കളെ കൊണ്ടുവരുമെന്നു ഹരിയാണയിലെ ബി.ജെ.പി. നേതാവ് ഒ.പി. ധൻകൽ 2014-ൽ പറഞ്ഞിരുന്നു. സംസ്ഥാനത്ത് സ്ത്രീ-പുരുഷാനുപാതത്തിലുള്ള അന്തരം ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.

കശ്മീരിന്റെ പ്രത്യേകപദവി നീക്കിയതോടെ പാർട്ടിപ്രവർത്തകർക്കു കശ്മീരിസുന്ദരികളെ വിവാഹം ചെയ്യാമെന്ന യു.പി. ബി.ജെ.പി. എം.എൽ.എ. വിക്രം സൈനിയുടെ പ്രസംഗവും വിവാദമായിരുന്നു.

വിമർശനവുമായി രാഹുലും മമതയും

ഉന്നതപദവിയിലിരിക്കുന്നവർ ജമ്മുകശ്മീരിലെ ജനങ്ങളെക്കുറിച്ച് ഹൃദയശൂന്യമായ പരാമർശം നടത്തരുതെന്നു പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞു. അതു ജമ്മുകശ്മീരിനു മാത്രമല്ല, രാജ്യത്തെമ്പാടും വേദനയുണ്ടാക്കുന്നതാണെന്നും മമത ട്വിറ്ററിൽ കുറിച്ചു.

ഖട്ടാറിന്റെ വാക്കുകൾ നിന്ദ്യമാണെന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. “വാർഷങ്ങളായുള്ള ആർ.എസ്.എസ്.പരിശീലനം, ദുർബലനും അരക്ഷിതനും കഴിവുകെട്ടവനുമായ മനുഷ്യന്റെ മനസ്സിനെ എങ്ങനെയാക്കിയെന്നാണ് ഇതു കാണിക്കുന്നത്. പുരുഷന്മാർക്കു സ്വന്തമാക്കിവെക്കാനുള്ള സ്വത്തുക്കളല്ല സ്ത്രീകൾ” എന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. വളച്ചൊടിച്ച വാർത്തകളോടു പ്രതികരിക്കാതെ, ഏതു പശ്ചാത്തലത്തിലാണു താനതു പറഞ്ഞതെന്ന് രാഹുൽ പരിശോധിക്കണമെന്നു പറഞ്ഞ് പ്രസംഗത്തിന്റെ വീഡിയോ ഖട്ടാർ ട്വീറ്റ് ചെയ്തു.

വിശദീകരണം തേടും -ദേശീയ വനിതാ കമ്മിഷൻ

വിവാദപരാമർശത്തിനു ഖട്ടാറിൽനിന്നു വിശദീകരണം തേടുമെന്ന് ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ രേഖാ ശർമ പറഞ്ഞു. ഖട്ടാറിന്റെ പേരെടുത്തുപറയാതെ ട്വിറ്ററിലൂടെയാണ് അവർ ഇക്കാര്യം അറിയിച്ചത്. ഇത്തരക്കാരെ ജനങ്ങളെന്തിനാണു തിരഞ്ഞെടുക്കുന്നതെന്ന് അവർ ചോദിച്ചു.

Content Highlights: FIR should registered against khattar for misogynist remarks