ന്യൂഡല്‍ഹി: രാജ്യം പണച്ചുരുക്കവും മാന്ദ്യവും നേരിടുകയാണെന്ന നീതി ആയോഗ് ഉപാധ്യക്ഷന്റെ പ്രസ്താവനയ്ക്കു പിന്നാലെ സാമ്പത്തിക ഉത്തേജക പരിപാടികളുമായി കേന്ദ്രസർക്കാർ. ഏറെക്കാലമായി തളർച്ചയിലായിരുന്ന വാഹനവിപണിയെ ഉണർത്താനും വൻകിട കമ്പനികളെ നിക്ഷേപത്തിനു പ്രോത്സാഹാപ്പിക്കാനും ബാങ്കുകൾക്ക് കൂടുതൽ പണം വിപണിയിലെത്തിക്കാനും ഇടയാക്കുന്ന പ്രഖ്യാപനങ്ങളാണ് വെള്ളിയാഴ്ച വൈകീട്ട് ധനമന്ത്രി നിർമലാ സീതാരാമന്‍ നടത്തിയത്.

വിദേശ ഓഹരി നിക്ഷേപകര്‍ക്ക് (പോർട്ട്ഫോളിയോ നിക്ഷേപം-എഫ്.പി.ഐ) ബജറ്റില്‍ ചുമത്തിയ അധിക സര്‍ചാര്‍ജ് പിന്‍വലിക്കാന്‍ തീരുമാനമായി. ഹ്രസ്വ-ദീര്‍ഘകാല മൂലധനാദായത്തിനു ചുമത്തിയ സര്‍ചാര്‍ജും പിന്‍വലിക്കും. ഓഹരിവിപണികള്‍ കുത്തനെ ഇടിയുന്ന പശ്ചാത്തലത്തിലാണ് ഈ നടപടി. പ്രതിവര്‍ഷം രണ്ടു കോടിയിലേറെ രൂപയുടെ വരുമാനമുണ്ടാക്കുന്ന വ്യക്തികള്‍ക്കും എഫ്.പി.ഐകള്‍ക്കും അധികനികുതി ചുമത്തിയതോടെ ഇന്ത്യന്‍ വിപണികളില്‍നിന്ന് വന്‍തോതില്‍ പണം പിന്‍വലിക്കപ്പെട്ടിരുന്നു.

രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത പണച്ചുരുക്കവും പ്രതിസന്ധിയും നേരിടുന്നതിനാല്‍ അസാധാരണ നടപടികള്‍ വേണ്ടിവരുമെന്നും ഇക്കാര്യം സർക്കാർ തിരിച്ചറിയണമെന്നുമായിരുന്നു നീതി ആയോഗ് ഉപാധ്യക്ഷന്‍ രാജീവ് കുമാർ രാവിലെ ഒരു ചടങ്ങിൽ തുറന്നടിച്ചത്. “നിലവില്‍, ആരും ആരെയും വിശ്വസിക്കാത്ത സാഹചര്യമാണു വിപണിയില്‍ നിലനില്‍ക്കുന്നത്. സര്‍ക്കാരും സ്വകാര്യമേഖലയും തമ്മിലുള്ളപ്രശ്നം മാത്രമല്ല ഇക്കാര്യം. സ്വകാര്യമേഖലയില്‍പ്പോലും ആരും പണം മറ്റൊരാള്‍ക്കു നല്കാൻ തയ്യാറാകുന്നില്ല. എല്ലാവരും പണം പിടിച്ചുവെച്ചിരിക്കുകയാണ്”-അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതോടെ പ്രതിപക്ഷവും സർക്കാരിനെതിരേ തിരിഞ്ഞു. ഇന്ത്യയുടെ വളര്‍ച്ചനിരക്ക് കുറയുമെന്ന് അന്തരാഷ്ട്ര റേറ്റിങ് ഏജന്‍സിയായ മൂഡിയും പ്രവചിച്ചതോടെ സർക്കാർ പ്രതിരോധത്തിലായി.

ലോകമെമ്പാടും വളര്‍ച്ച കുറയുകയാണെന്നും താരതമ്യേന പിടിച്ചുനില്‍ക്കുന്നത് ഇന്ത്യയാണെന്നും ധനമന്ത്രി പത്രസമ്മേളനത്തിൽ അവകാശപ്പെട്ടു. സാമ്പത്തിക വിപണി, വാഹനമേഖല, ബാങ്കിങ്, കൂടുതല്‍ വായ്പ നല്‍കാനുള്ള സാമ്പത്തിക പിന്തുണ, ചെറുകിട-ഇടത്തരം മേഖല(എം.എസ്.എം.ഇ), സ്റ്റാര്‍ട്ട് അപ്പുകള്‍, ആദായനികുതി നോട്ടീസുകള്‍, കേസുകള്‍ തീര്‍പ്പാക്കല്‍ മുതലായവയുമായി ബന്ധപ്പെട്ടാണു മന്ത്രിയുടെ പ്രഖ്യാപനങ്ങള്‍.

നാലുവര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്വീകരിച്ച നോട്ടുനിരോധനം, ചരക്ക്-സേവനനികുതി (ജി.എസ്.ടി.), പാപ്പരത്തനിയമം തുടങ്ങിയ നടപടികള്‍ വിപണിയില്‍ പണലഭ്യത കുറച്ചെന്നാണ് നീതി ആയോഗ് ഉപാധ്യക്ഷൻ കുറ്റപ്പെടുത്തിയത്. കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി നേരിട്ട് സാമ്പത്തികസ്ഥിതി വിലയിരുത്തിയിരുന്നു.