ന്യൂഡല്‍ഹി: ദിനംപ്രതി വഷളാവുന്ന സമ്പദ്‌വ്യവസ്ഥ എങ്ങനെ നേരെയാക്കാമെന്നതിനെക്കുറിച്ച് കേന്ദ്രസര്‍ക്കാരിനു നിശ്ചയമില്ലെന്ന്‌ കോണ്‍ഗ്രസ്. സാമ്പത്തികരംഗം കടുത്ത സമ്മർദത്തിലാണെന്ന് ഒടുവിൽ സർക്കാർ സമ്മതിച്ചു. ഈ ഘട്ടത്തിലും പ്രധാനമന്ത്രി നരേന്ദ്രമോദി മൗനം തുടരുന്നത് ചോദ്യംചെയ്യപ്പെടേണ്ടതാണ്. സമ്പദ്‌വ്യവസ്ഥ ഏറ്റവും മോശപ്പെട്ട നിലയിലൂടെയാണ്‌ കടന്നുപോവുന്നത്. ഇതു മറച്ചുവെക്കാന്‍ വിദ്വേഷരാഷ്ട്രീയവും അപ്രഖ്യാപിത അടിയന്തരാവസ്ഥയും രാജ്യമെങ്ങും നടപ്പാക്കുകയാണ് -കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി പത്രസമ്മേളനത്തില്‍ പറഞ്ഞു.

“നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാറിന്റെ കുമ്പസാരം ഈ സന്ദര്‍ഭത്തില്‍ അഭിനന്ദനമര്‍ഹിക്കുന്നു. സാമ്പത്തികമേഖലയിലുള്ള ഇപ്പോഴത്തെ അവസ്ഥയ്ക്കും ജവാഹര്‍ലാല്‍ നെഹ്രുവാണ് കാരണമെന്ന് ജനങ്ങള്‍ വിശ്വസിക്കണമെന്നാണ് സർക്കാരിന്റെ ആഗ്രഹം” -അദ്ദേഹം പരിഹസിച്ചു.

“അഞ്ചുവര്‍ഷത്തെ മോദിസര്‍ക്കാരിന്റെ പ്രവര്‍ത്തനമാണ്‌ സമ്പദ്‌വ്യവസ്ഥ തകർത്തത്. മൂന്നുകോടിയോളംപേര്‍ തൊഴില്‍നഷ്ടത്തിന്റെ വക്കിലാണ്. തേയിലരംഗവും അടിവസ്ത്ര വ്യാപാരരംഗവുമൊക്കെ ഇതേ അവസ്ഥയിലാണ്. അമേരിക്കയിലെ ഫെഡറല്‍ റിസര്‍വ് ചെയര്‍പേഴ്‌സണ്‍ ആയിരുന്ന (അലന്‍) ഗ്രീന്‍ സ്പാനിന്റെ സിദ്ധാന്തപ്രകാരം എപ്പോഴെങ്കിലും അടിവസ്ത്രവ്യാപാരത്തില്‍ പ്രതിസന്ധിയുണ്ടായാല്‍ അതിന്റെ അര്‍ഥം ആ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ പൊട്ടിത്തെറിയുടെ വക്കിലാണെന്നാണ്. പാര്‍ലെ ജി ബിസ്കറ്റ് നിര്‍മാതാക്കള്‍ 10,000 തൊഴിലാളികളെ ഒഴിവാക്കുകയാണ്. രൂപ ഡോളറിനെതിരേ 72 രൂപയിലെത്തി.

കഴിഞ്ഞദിവസം വിദേശനിക്ഷേപസ്ഥാപനങ്ങള്‍ 902.99 കോടി രൂപ ഓഹരിവിപണിയില്‍നിന്നു പിന്‍വലിച്ചു. ഇതെല്ലാം ദീര്‍ഘകാല സുസ്ഥിരതയെ ബാധിക്കുന്നതാണ്. ഇന്ത്യയുടെ വളര്‍ച്ചനിരക്ക് 5.7 ശതമാനത്തിലേക്കു താണു; അഞ്ചുവര്‍ഷത്തെ ഏറ്റവും താഴ്ന്നനിലയില്‍.

ഓട്ടോമൊബൈല്‍ രംഗത്ത്‌ മൂന്നരലക്ഷത്തിലധികം പേര്‍ക്ക്‌ തൊഴില്‍ ഇല്ലാതായി. മാരുതി സുസുക്കി ആറുമാസമായി ഉത്പാദനം 25 ശതമാനം കുറച്ചു. ബാങ്കിങ് രംഗവും പ്രതിസന്ധിയിലാണ്” -കോൺഗ്രസ് വക്താവ് പറഞ്ഞു.