ന്യൂഡൽഹി: പ്രളയത്തെത്തുടർന്ന് ഹിമാചൽപ്രദേശിൽ കുടുങ്ങിയ നടി മഞ്ജുവാരിയർ ഉൾപ്പെടുന്ന സിനിമാസംഘം ബുധനാഴ്ച മണാലിയിലെത്തി. ഇവിടെനിന്ന് 85 കിലോമീറ്റർ അകലെ ലാഹോൾ-സ്പിതിയിലുള്ള ഛത്രുവിലായിരുന്നു ഇവർ.

‘എല്ലാവരും സുരക്ഷിതരാണ്, സിനിമയും. അന്വേഷണങ്ങൾക്കും പരിഗണനകൾക്കും നന്ദി’യെന്ന് സംവിധായകൻ സനൽ കുമാർ ശശിധരൻ ഫെയ്സ്ബുക്കിൽ കുറിച്ചു. മണാലിയിലേക്കുള്ള യാത്രയ്ക്കിടെ ‘മാതൃഭൂമി ഡോട്ട് കോമു’മായി സംസാരിച്ച അദ്ദേഹം, മൂന്നുനാലു ദിവസംകൂടി ഷൂട്ടിങ് ഉണ്ടാകുമെന്നു പറഞ്ഞു. ‘കയറ്റം’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനായാണ് ഇവർ ഹിമാചലിൽ എത്തിയത്.

ഹിമാചലിൽ ഏതാനുംദിവസങ്ങളായി തുടരുന്ന മഴയും മണ്ണിടിച്ചിലും കാരണമാണ് ഛത്രുവിൽ കുടുങ്ങിയത്. മഞ്ജുവിന്റെ സഹോദരൻ അഭ്യർഥിച്ചതിനെത്തുടർന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്റെ നിർദേശപ്രകാരം ഹിമാചൽ സർക്കാർ ഇടപെട്ട് ചൊവ്വാഴ്ച മണാലിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും സംഘം ഛത്രുവിൽ തുടരുകയായിരുന്നു.

സംഘത്തിലെ മൂന്നുപേർക്ക് കാലിനു പരിക്കുണ്ടായിരുന്നതിനാലാണ് വാഹനഗതാഗതം പുനഃസ്ഥാപിക്കുംവരെ ഛത്രുവിൽ തുടർന്നതെന്ന് സനൽകുമാർ ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു. 10 സഹായികളുൾപ്പെടെ 35 പേരാണ് സംഘത്തിലുണ്ടായിരുന്നത്. ലാഹോൾ മേഖലയിലുള്ള എല്ലാ വിനോദസഞ്ചാരികളെയും ജില്ലാ ഭരണകൂടം നേരത്തേ ഒഴിപ്പിച്ചിരുന്നു.

മഞ്ജുവിന്റെ സിനിമാ സംഘത്തിനു ഛത്രുവിൽ ചിത്രീകരണം നടത്താൻ അനുമതിയില്ലായിരുന്നെന്ന് ഹിമാചൽമന്ത്രി രാം ലാൽ മാർക്കണ്ഡ വാർത്താ ഏജൻസിയോടു പറഞ്ഞു.

Content Highlights: Film star Manju Warrier and crew safely landed in Manali