മുംബൈ: ദേശീയപാതാ അതോറിറ്റി (എൻ.എച്ച്.എ.ഐ.)ക്ക് കഴിഞ്ഞ ഞായറാഴ്ച റെക്കോഡ് ടോൾപിരിവ്. രാജ്യത്താകെ 86.2 കോടി രൂപയാണ് ടോൾ ഇനത്തിൽ എൻ.എച്ച്.എ.ഐ. അന്ന് പിരിച്ചെടുത്തത്. ഫാസ്ടാഗ് ഏർപ്പെടുത്തിയശേഷം നവംബർ, ഡിസംബർ മാസങ്ങളിലായി ടോൾപിരിവിൽ കാര്യമായ വർധനയുണ്ടായിട്ടുണ്ട്. 2019 സെപ്റ്റംബറിൽ 64.7 കോടി രൂപമാത്രമായിരുന്നു ഒരുദിവസത്തെ ശരാശരി പിരിവ്. ഇതാണ് ജനുവരി 12-ന് 86.2 കോടി രൂപയിലെത്തിയത്.
2019 ഡിസംബർ 15 മുതലാണ് രാജ്യവ്യാപകമായി ടോൾ ബൂത്തുകളിൽ ഫാസ്ടാഗ് നിർബന്ധമാക്കിയത്. രാജ്യവ്യാപകമായി 527 ദേശീയപാതകളിലും ടോൾപിരിവിന് ഫാസ്ടാഗ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ജനുവരി 12-ന് ഫാസ്ടാഗ് വഴിയുള്ള ടോൾപിരിവ് 50 കോടി രൂപയായിരുന്നു. ഫാസ്ടാഗ് വഴിയുള്ള ഇടപാടുകളും വർധിച്ചിട്ടുണ്ട്. ജനുവരിയിൽ ദിവസം 30 ലക്ഷം ഇടപാടുകൾ ഫാസ്ടാഗ് വഴി നടക്കുന്നുണ്ട്. രാജസ്ഥാനിലെ ജോധ്പുർ ടോൾ പ്ലാസയിലാണ് ഫാസ്ടാഗ് വഴി ഏറ്റവുമധികം ഇടപാടുകൾ നടന്നത്- 91 ശതമാനം.
Content highlights: FAStag toll plaza