ന്യൂഡൽഹി: ആറ് ആവശ്യങ്ങൾ ഉന്നയിച്ച് പ്രധാനമന്ത്രിക്ക് കർഷകസംഘടനകൾ ഞായറാഴ്ച തുറന്നകത്ത് എഴുതി. ഈ ആവശ്യങ്ങൾ എത്രയുംവേഗം പരിഹരിക്കണമെന്ന് സംയുക്ത കിസാൻമോർച്ച നേതാക്കൾ കത്തിൽ ആവശ്യപ്പെട്ടു.

ഇവ നടപ്പാക്കിയാൽ കർഷകർ എത്രയും വേഗം കുടുംബങ്ങളിലേക്കും വീടുകളിലേക്കും മടങ്ങും. അല്ലെങ്കിൽ നേരത്തേ പ്രഖ്യാപിച്ച സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് കത്തിൽ നേതാക്കൾ വ്യക്തമാക്കി.

ആറ് ആവശ്യങ്ങൾ:

1. കാർഷികോത്‌പന്നങ്ങൾക്ക് താങ്ങുവില സംബന്ധിച്ച് നിയമപരമായ ഉറപ്പു ലഭിക്കണം. ഇതുസംബന്ധിച്ച് പാർലമെന്റിൽ ഉറപ്പുനൽകണം.

2. 2020-ലെ വൈദ്യുതി പരിഷ്കരണ ബിൽ പിൻവലിക്കണം.

3. ദേശീയ തലസ്ഥാനമേഖലയിലെയും പരിസരങ്ങളിലെയും വായുനിലവാര നിയന്ത്രണം സംബന്ധിച്ച ബില്ലിലെ കർഷകവിരുദ്ധ വ്യവസ്ഥകൾ ഒഴിവാക്കണം. പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ ഇതുസംബന്ധിച്ച പരാമർശമുണ്ടായില്ല.

4). ഡൽഹി, ഹരിയാണ, ചണ്ഡീഗഢ്‌, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ സമരംചെയ്യുന്ന കർഷകർക്കെതിരേ എടുത്ത കേസുകൾ പിൻവലിക്കണം.

5. ലഖിംപുർ ഖേരി സംഭവത്തിൽ ആരോപണ വിധേയനായ കേന്ദ്രമന്ത്രി അജയ് മിശ്രയെ മന്ത്രിസഭയിൽനിന്ന് പുറത്താക്കണം.

6). സമരത്തിനിടെ ജീവത്യാഗംചെയ്ത എഴുന്നൂറോളം കർഷകരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണം.