ന്യൂഡൽഹി : അടുത്തവർഷം തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും ബി.ജെ.പി.യെ പരാജയപ്പെടുത്താനുള്ള ദൗത്യം പ്രഖ്യാപിച്ച് കർഷകപ്രക്ഷോഭകർ.

സെപ്റ്റംബർ അഞ്ചിന് പടിഞ്ഞാറൻ യു.പി.യിലെ മുസാഫർനഗറിൽ സംഘടിപ്പിക്കുന്ന കർഷകറാലിയോടെ ദൗത്യത്തിന് ഔദ്യോഗികമായി തുടക്കംകുറിക്കുമെന്ന് സംയുക്ത കിസാൻ മോർച്ച നേതാക്കളായ ബൽബീർ സിങ് രജേവാൾ, ഗുർണാം സിങ് ചാദുനി, ഹനൻമൊള്ള, ജോഗീന്ദർ സിങ് ഉഗ്രഹാൻ തുടങ്ങിയവർ സംയുക്തപ്രസ്താവനയിൽ അറിയിച്ചു.

രാജ്യതലസ്ഥാനാതിർത്തികൾ ഉപരോധിച്ചുള്ള കർഷകപ്രക്ഷോഭം എട്ടുമാസം പൂർത്തിയാക്കിയ തിങ്കളാഴ്ച ജന്ദർമന്തറിൽ വനിതകളുടെ കിസാൻ പാർലമെന്റ് നടന്നു. സമരത്തിനെത്തിയ ഏതാനും വനിതകളെ പോലീസ് അറസ്റ്റുചെയ്ത് ബാരഖംബ സ്റ്റേഷനിൽ കസ്റ്റഡിയിൽ വെച്ചു. പിന്നീട് വിട്ടയച്ചു. കാർഷികരംഗത്ത് വനിതകൾക്ക് അർഹമായ അവസരവും പരിഗണനയും നൽകണമെന്ന് കിസാൻ പാർലമെന്റ് ആവശ്യപ്പെട്ടു. പാർലമെന്റിൽ 33 ശതമാനം സംവരണം നടപ്പാക്കണമെന്ന പ്രമേയവും പാസാക്കി. കാർഗിൽ വിജയദിവസം പ്രമാണിച്ച് രക്തസാക്ഷികളായ ജവാന്മാർക്ക് കിസാൻ പാർലമെന്റിൽ ശ്രദ്ധാഞ്ജലിയർപ്പിച്ചു.

യു.പി., ഉത്തരാഖണ്ഡ് ദൗത്യത്തിന്റെ ഭാഗമായി ഇരുസംസ്ഥാനങ്ങളിലെയും എല്ലാ ഗ്രാമങ്ങളിലേക്കും കർഷകസമരം വ്യാപിപ്പിക്കും. പഞ്ചാബിലും ഹരിയാണയിലും നടപ്പാക്കിയതുപോലെ ബി.ജെ.പി. നേതാക്കളെ ബഹിഷ്കരിക്കുന്ന പ്രതിഷേധങ്ങളുമുണ്ടാകും. സംസ്ഥാനങ്ങളിൽ ടോൾ പ്ലാസകൾ തുറന്നു കൊടുക്കുന്നതടക്കമുള്ള സമരങ്ങളും നടത്തും. അംബാനിയുടെയും അദാനിയുടെയും സ്ഥാപനങ്ങൾക്കുമുന്നിൽ പ്രതിഷേധിക്കും.

ദൗത്യത്തിൽ പങ്കാളികളാവാൻ മറ്റു കർഷകസംഘടനകളെയും പുരോഗമനശക്തികളെയും കിസാൻ മോർച്ച സ്വാഗതംചെയ്തു. പശ്ചിമബംഗാൾ തിരഞ്ഞെടുപ്പിൽ ബി.ജെ.പി.ക്കെതിരേ കിസാൻമോർച്ച നേതാക്കൾ വ്യാപകമായി പ്രചാരണം നടത്തിയിരുന്നു. ബി.ജെ.പി.ക്കു വേരോട്ടമുള്ള യു.പി.യും ഉത്തരാഖണ്ഡും ഉത്തരേന്ത്യയിലെ കർഷകഭൂമിക കൂടിയാണെന്നതു കണക്കിലെടുത്താണ് ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള ദൗത്യം.