: ‘‘ഞങ്ങൾ കൃഷിചെയ്തില്ലെങ്കിൽ ഡൽഹി എങ്ങനെ ഭക്ഷണം കഴിക്കും’’? ചോദ്യം ഡൽഹിയിലെ അധികാരകേന്ദ്രങ്ങളോടാണ്. ചോദിച്ചത് ജലന്ധറിലെ സദ്മയിൽനിന്നെത്തിയ എഴുപതുകാരനായ കർഷകൻ ഹർബൻ സിങ്. ഇന്ത്യ-പാക് അതിർത്തിയിലെ തരൺ തരണിൽനിന്നെത്തിയ ത്രിലോക് സിങ്ങിനും മൊഹാലിയിലെ ജിതാനയിൽനിന്നുവന്ന ഹർജീന്ദറിനും പിന്നെ ആയിരക്കണക്കിനു കർഷകർക്കും ഉയർത്താനുള്ളത് സമാന ചോദ്യങ്ങൾ.

ഡൽഹിയിൽനിന്ന് ഹരിയാണയിലേക്കു നീളുന്ന ദേശീയപാതയിൽ സിംഘു പ്രദേശത്തെ അതിർത്തിയിൽ എട്ടുകിലോമീറ്ററോളം ദൂരം രാജ്യത്തെ കർഷകരുടെ രോഷഭൂമിയായിരിക്കുന്നു. വിശാലമായ ഒരു വീടായിമാറിയ സമരപ്രദേശത്ത് അവർ ഒരുമിച്ച് മുദ്രാവാക്യം വിളിക്കുന്നു, ഭക്ഷണം പങ്കിടുന്നു, രാത്രിയിലെ തണുപ്പിൽ നിരന്ന രണ്ടായിരത്തോളം ട്രക്കുകളിൽ വയ്‌ക്കോൽ വിരിച്ച് ഉറങ്ങുന്നു, ‘കർഷകരെ വരൂ, സമരജാഥയിൽ പങ്കെടുക്കൂ’ എന്ന ഗാനം പലഭാഷകളിൽ പാടുന്നു. സാധാരണ കർഷകർമുതൽ എം.ബി.എ.ക്കാരായ യുവകർഷകർവരെ കൈകോർക്കുന്നു.

സിംഘുവിലും തിക്രിയിലും തമ്പടിച്ച ആയിരക്കണക്കിനു കർഷകരുടെ സമരം തിങ്കളാഴ്ച അഞ്ചുദിവസം പിന്നിട്ടു. ഇവയ്ക്കു പുറമേ ഡൽഹിയിലേക്കുള്ള അഞ്ചു പ്രവേശനകവാടങ്ങൾകൂടി അടച്ചിട്ട് തിങ്കളാഴ്ചയോടെ സമരം വ്യാപിച്ചു. “കരിനിയമങ്ങൾ പിൻവലിക്കാതെ ഞങ്ങൾ പിന്നോട്ടില്ല. സമരം എത്രകാലം നീണ്ടാലും കുഴപ്പമില്ല. അതിനുള്ള തയ്യാറെടുപ്പുകൾ ഞങ്ങൾക്കുണ്ട്” -സമരാവേശവുമായി റോത്തക്കിൽനിന്നെത്തിയ നരേഷ് സാംഗ്‌വാൻ പറഞ്ഞു.

സാംഗ്‌വാന്റെ വാക്കുകൾ യാഥാർഥ്യമെന്നു തെളിയിക്കുന്ന രംഗങ്ങളാണ് സിംഘുവിലെ സമരഭൂമിയിൽ. ഒരു കർഷകഗ്രാമം പറിച്ചുനട്ടതുപോലെ. വിവിധ സംസ്ഥാനങ്ങളിൽനിന്നെത്തിയ കർഷകർ അടുത്ത ആറുമാസത്തേക്കുള്ള ഭക്ഷണസാധനങ്ങൾ സമരസ്ഥലത്ത് ശേഖരിച്ചുവെച്ചിട്ടുണ്ട്. സമരസ്ഥലത്ത് വിവിധ ഭാഗങ്ങളിലായി ഒരുക്കിയ തുറന്ന അടുക്കളകളിൽ റൊട്ടിയും ദാലും ഉരുളക്കിഴങ്ങ് കറിയും സമരക്കാർതന്നെ പാകം ചെയ്യുന്നു. ഇവിടുള്ള എല്ലാവർക്കും കർഷകരുടെ അന്നമൂട്ട്. തിങ്കളാഴ്ച ഗുരനാനാക്ക് ജയന്തിയായതിനാൽ പ്രസാദവിതരണത്തിന് സിഖ് സംഘടനകളും രംഗത്തുണ്ടായിരുന്നു.

കർഷകജീവിതത്തിന്റെ അടയാളമായ ട്രാക്ടറുകളാണ് സമരരംഗത്തെ മുഖ്യവേദി. നേതാക്കൾ ട്രാക്ടറിനു മുകളിൽ കയറിനിന്ന് പ്രസംഗിക്കും. ഇടവേളകളിൽ മുദ്രാവാക്യങ്ങളും പടപ്പാട്ടുകളും. 30 കർഷകസംഘടനകളുടെ നേതാക്കൾക്കല്ലാതെ രാഷ്ട്രീയപ്പാർട്ടികളുടെ നേതാക്കൾക്ക് പ്രവേശനമില്ല.

‘‘ഞങ്ങൾ കൃഷിക്കാരാണ്. ഞങ്ങൾക്ക് കൃഷിയാണ് എല്ലാം’’ -കർഷകർ ഉറക്കെ പറയുന്നു.

Content Highlight: Farmers Protesting Against  Agri Laws