ന്യൂഡൽഹി: ഇനിയൊരുത്തരവുണ്ടാകുന്നതുവരെ കാർഷികനിയമങ്ങൾ നടപ്പാക്കുന്നതു നിർത്തിവെക്കാൻ ആവശ്യപ്പെട്ട സുപ്രീംകോടതി, കർഷകരുടെയും സർക്കാരിന്റെയും ഭാഗം കേൾക്കാൻ നാലംഗ സമിതിയെ നിയോഗിച്ചു. അതുവരെ, നേരത്തേയുണ്ടായിരുന്ന താങ്ങുവില സമ്പ്രദായം തുടരണം. പുതിയ കാർഷികനിയമങ്ങളുടെ അടിസ്ഥാനത്തിൽ കൃഷിക്കാരുടെ ഭൂമി നഷ്ടപ്പെടുത്തുന്ന നടപടിയുണ്ടാവരുതെന്നും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി. കേസ് എട്ടാഴ്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കും.
സമിതിയുണ്ടാക്കുന്നതിനെ കേന്ദ്രം പിന്തുണച്ചെങ്കിലും നിയമങ്ങൾ സ്റ്റേ ചെയ്യുന്നതിനെ അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ ശക്തമായെതിർത്തു. നിയമത്തിലെ ഒരു വകുപ്പെങ്കിലും കർഷകവിരുദ്ധമാണെന്ന് ഹർജിക്കാർക്ക് ചൂണ്ടിക്കാട്ടാൻ സാധിച്ചില്ലെന്നും അറ്റോർണി വാദിച്ചു. എന്നാൽ, സർക്കാർനടപടി സ്റ്റേ ചെയ്യാൻ സുപ്രീംകോടതി പൂർണമായും അശക്തരാണെന്ന് പറയാനാവില്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു.
സ്റ്റേ ഉത്തരവ് അസാധാരണമാണെന്ന് വിലയിരുത്തിയ സുപ്രീംകോടതി, ഇതിനെ തത്‌കാലത്തേക്കെങ്കിലും പ്രതിഷേധങ്ങളുടെ നേട്ടമായിക്കണ്ട് കർഷകരെ സമരത്തിൽനിന്ന് പിന്തിരിപ്പിക്കാൻ സംഘടനകൾ തയ്യാറാകുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു. കോവിഡും തണുപ്പുമുള്ള സാഹചര്യത്തിൽ പ്രായംചെന്നവരും സ്ത്രീകളും കുട്ടികളുമുൾപ്പെടെ സമരസ്ഥലത്തിരിക്കുന്നതിൽ കോടതി ആശങ്കയറിയിച്ചു. അതിക്രമം കാട്ടാതെ സമാധാനപരമായി സമരം നടത്തുന്നതിനെ സുപ്രീംകോടതി പ്രശംസിച്ചു.
കർഷകരല്ലാത്തവർ സമരക്കാർക്കിടയിൽ കയറി കുഴപ്പങ്ങളുണ്ടാക്കാനുള്ള സാധ്യത തള്ളാനാവില്ലെന്ന വാദവും കോടതി ഗൗരവമായെടുത്തു. നിരോധിത വിഘടനവാദി സംഘടനയായ ‘സിഖ്‌സ് ഫോർ ജസ്റ്റിസ്’ സമരത്തിന് പണം നൽകുന്നുണ്ടെന്ന ഇന്ത്യൻ കിസാൻ യൂണിയന്റെ വാദത്തെ അറ്റോർണി ജനറൽ പിന്തുണച്ചത് സുപ്രീംകോടതി എടുത്തുപറഞ്ഞു.
റിപ്പബ്ലിക് ദിന പരേഡ് തടസ്സപ്പെടുത്താൻ കർഷകർ ട്രാക്ടർ റാലി നടത്തുമെന്ന് റിപ്പോർട്ടുണ്ടെന്ന് അറ്റോർണി ചൂണ്ടിക്കാട്ടിയപ്പോൾ, അങ്ങനെയുണ്ടാവില്ലെന്ന് ചില കർഷക സംഘടനകൾക്കു വേണ്ടി ഹാജരായ ദുഷ്യന്ത് ദവെ അറിയിച്ചിരുന്നു. എന്നാൽ, ചില സംഘടനകൾക്കു വേണ്ടി ഹാജരായിരുന്ന ദുഷ്യന്ത് ദവെ, കോളിൻ ഗോൺസാൽവസ്, എച്ച്.എസ്. ഫൂൽക്ക എന്നിവർ ചൊവ്വാഴ്ച എത്തിയിട്ടില്ലെന്നകാര്യം ഉത്തരവിൽ കോടതി രേഖപ്പെടുത്തി.
സമിതിയംഗങ്ങൾ:
ഭാരതീയ കിസാൻ യൂണിയൻ, അഖിലേന്ത്യാ കിസാൻ കോ-ഓർഡിനേഷൻ കമ്മിറ്റി എന്നിവയുടെ ദേശീയ പ്രസിഡന്റ് ഭൂപീന്ദർ സിങ് മൻ, ഇന്റർനാഷണൽ ഫുഡ് പോളിസി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സൗത്ത് ഏഷ്യാ ഡയറക്ടറും കാർഷിക സാമ്പത്തിക വിദഗ്ധനുമായ ഡോ. പ്രമോദ് കുമാർ ജോഷി, കാർഷിക സാമ്പത്തികവിദഗ്ധൻ അശോക് ഗുലാത്തി, ഷേത്കാരി സംഘടനയുടെ പ്രസിഡന്റ് അനിൽ ഘൻവാത്.
സമിതിയുടെ കർത്തവ്യം:
കാർഷികനിയമങ്ങളുമായി ബന്ധപ്പെട്ട് കർഷകരുടെ പരാതികളും സർക്കാരിന്റെ ഭാഗവും കേട്ടശേഷം സുപ്രീംകോടതിക്ക് സമിതി ശുപാർശകൾ നൽകണം. കമ്മിറ്റിക്ക് ഡൽഹിയിലോ മറ്റെവിടെയെങ്കിലുമോ സിറ്റിങ് നടത്താനുള്ള ചെലവ് കേന്ദ്രം വഹിക്കണം.
നിയമങ്ങളെ പിന്തുണയ്ക്കുന്നതും എതിർക്കുന്നതുമായ കർഷകസംഘടനകൾക്ക് സമിതിയെ സമീപിച്ച് തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സമിതിയുടെ ആദ്യ സിറ്റിങ് പത്തു ദിവസത്തിനകം നടത്തുകയും ആദ്യ റിപ്പോർട്ട് രണ്ടുമാസത്തിനകം സുപ്രീംകോടതിക്ക് നൽകുകയും വേണം.