ന്യൂഡൽഹി: കാർഷിക നിയമങ്ങളിൽ കേന്ദ്രസർക്കാർ ചർച്ചയ്ക്കു വഴിതുറക്കണമെന്ന് സംയുക്ത കിസാൻ മോർച്ച. കർഷകർ എപ്പോഴും ചർച്ചയ്ക്കു തയ്യാറായിരുന്നു. ഇപ്പോഴുള്ള തടസ്സങ്ങൾ സർക്കാർ നീക്കണം.

സമരത്തിലുള്ള കർഷകരുമായി ചർച്ച തുടരണമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ആവശ്യപ്പെട്ട സാഹചര്യത്തിലാണ് കിസാൻ മോർച്ചയുടെ പ്രതികരണം. ഏതൊരു പ്രശ്നവും ചർച്ചയിലൂടെ പരിഹരിക്കാമെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു. കർഷകരുടെ വരുമാനം ഇരട്ടിയാക്കാൻ പ്രതിജ്ഞാബദ്ധമാണ് ബി.ജെ.പി. മിനിമം താങ്ങുവില ഒരിക്കലും ഇല്ലാതാവില്ല. ഞങ്ങളെല്ലാം കാർഷികകുടുംബങ്ങളിൽ നിന്നുള്ളവരാണ്. കാർഷികമേഖലയ്ക്കു ഗുണകരമാവുന്ന ഭേദഗതികൾക്കും പരിഹാരങ്ങൾക്കും തയ്യാറാണ് സർക്കാരെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. ഇതേത്തുടർന്നാണ് ചർച്ചയ്ക്കുള്ള തടസ്സം തീർക്കേണ്ടതു സർക്കാരാണെന്ന് സംയുക്ത കിസാൻ മോർച്ച അറിയിച്ചത്.

ബി.ജെ.പി. ഭരിക്കുന്ന ഹരിയാണയിൽ ഭരണകക്ഷി സാമാജികർക്കു സാമൂഹികവിലക്ക് ഏർപ്പെടുത്തിയതിനെതിരേ നിയമസഭയിൽ പ്രമേയം കൊണ്ടുവന്ന നടപടിയെ കിസാൻ മോർച്ച എതിർത്തു. പൊതുസ്വത്തു നശിപ്പിച്ചാൽ വീണ്ടെടുക്കാനുള്ള ഹരിയാണ ക്രമസമാധാന ബിൽ ഹരിയാണ സർക്കാർ കൊണ്ടുവന്നിട്ടുള്ളത് കർഷകർക്കെതിരേ കള്ളക്കേസെടുക്കാനാണെന്ന് നേതാക്കൾ ആരോപിച്ചു.

Content Highlights: Farmers protest Rajnath Singh