ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരേ കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാഹുൽ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും നേതൃത്വത്തിൽ ഡൽഹിയിൽ കോൺഗ്രസിന്റെ പ്രതിഷേധം. ഡൽഹി ലെഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാലിന്റെ വസതിക്കുമുന്നിൽ നടന്ന പ്രതിഷേധത്തിൽ എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും നൂറുകണക്കിന് പ്രവർത്തകരും പങ്കാളികളായി.
നിയമങ്ങൾ പിൻവലിക്കുംവരെ കോൺഗ്രസ് പ്രതിഷേധം തുടരുമെന്ന് രാഹുൽ പറഞ്ഞു. “ഈ നിയമങ്ങൾ കർഷകരെ സഹായിക്കാനല്ല, ഇല്ലാതാക്കാനാണ്. അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകളെ സഹായിക്കാനാണ്. സർക്കാരിന് കരിനിയമങ്ങൾ പിൻവലിക്കേണ്ടി വരും” -രാഹുൽ പറഞ്ഞു. മോദിസർക്കാർ നേരത്തേയും കർഷകരുടെ ഭൂമി ഏറ്റെടുക്കാൻ ശ്രമിച്ചു. ഭൂമി ഏറ്റെടുക്കൽ നിയമം കൊണ്ടുവന്നപ്പോൾ കോൺഗ്രസ് എതിർത്തതായും രാഹുൽ പറഞ്ഞു.
രാജ്യവ്യാപകമായി പാർട്ടി സംഘടിപ്പിച്ച കർഷക അവകാശ ദിനാചരണത്തിന്റെ ഭാഗമായായിരുന്നു രാഹുലിന്റെയും പ്രിയങ്കയുടെയും ഡൽഹിയിലെ പ്രതിഷേധം. സംസ്ഥാന തലസ്ഥാനങ്ങളിൽ രാജ്ഭവനുകളിലേക്ക് പ്രവർത്തകർ മാർച്ചു നടത്തി. യു.പി.യിലും ഹരിയാണയിലുമടക്കം വിവിധയിടങ്ങളിൽ പി.സി.സി. അധ്യക്ഷന്മാരടക്കമുള്ളവർ അറസ്റ്റിലായി.
സാമൂഹികമാധ്യമങ്ങളിൽ ‘കർഷകർക്കു വേണ്ടി ശബ്ദിക്കൂ’ പ്രചാരണ പരിപാടികളും സംഘടിപ്പിച്ചു. കർഷകർക്ക് പിന്തുണ അർപ്പിച്ച് വീഡിയോ സന്ദേശങ്ങളുൾപ്പെടെ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചു.
Content Highlights: Farmers' protest Rahul Gandhi