ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി കോർപ്പറേറ്റ് ജീവിയാണെന്ന രൂക്ഷവിമർശനവുമായി കർഷകനേതാക്കൾ. സമരംചെയ്യുന്ന കർഷകരെ അപമാനിച്ച പ്രധാനമന്ത്രി മാപ്പുപറയണമെന്ന് സംയുക്ത കിസാൻ മോർച്ചയുടെ ഭാഗമായ ഓൾഇന്ത്യ കിസാൻ സംഘർഷ് കോ-ഓർഡിനേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.

കേന്ദ്രം ഉറച്ച നിലപാടുമായി മുന്നോട്ടുപോകുന്നതിനാൽ കാർഷികനിയമങ്ങൾ പിൻവലിക്കാൻ ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം കൂടുതൽ ശക്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് കിസാൻ മോർച്ച. തുടർപരിപാടികൾ ഉടൻ തീരുമാനിക്കുമെന്ന് നേതാക്കൾ അറിയിച്ചു. അന്നദാതാക്കളെ അപമാനിക്കുകയാണ് മോദി ചെയ്തതെന്ന് കിസാൻസഭ ജനറൽ സെക്രട്ടറി ഹനൻമൊള്ള കുറ്റപ്പെടുത്തി. കോർപ്പറേറ്റ് ജീവിയായ പ്രധാനമന്ത്രിയാണ് കർഷകരെ സമരജീവികളെന്ന് അപമാനിക്കുന്നതെന്ന് പ്രസിഡന്റ് അശോക് ധാവ്‌ളെയും വിമർശിച്ചു. പ്രധാനമന്ത്രി കുറ്റപ്പെടുത്തുന്ന കർഷകസമരക്കാരല്ല, കോർപ്പറേറ്റുകളെ ആശ്രയിക്കുന്ന ബി.ജെ.പി.ക്കാരാണ് പരാന്നഭോജികളെന്ന് അതുൽകുമാർ അഞ്ജാൻ ആരോപിച്ചു.

സമരക്കാർക്കുനേരെ വെടിവെക്കാനാവാത്തതിനാൽ അപമാനിക്കുകയാണ് പ്രധാനമന്ത്രിയെന്ന് മേധാപട്കർ പറഞ്ഞു. താങ്ങുവില ആറുശതമാനം കർഷകർക്കു മാത്രമേ ലഭിച്ചിട്ടുള്ളൂവെന്നും അതുതന്നെ, സ്വാമിനാഥൻ കമ്മിഷൻ ശുപാർശയനുസരിച്ചല്ലെന്നും സുനിലം ഉൾപ്പെടെയുള്ള കിസാൻ കോ-ഓർഡിനേഷൻ കമ്മിറ്റി നേതാക്കൾ പറഞ്ഞു.

Content Highlights: Farmers protest PM Narendra Modi