ന്യൂഡൽഹി: മൻകി ബാത്തിനുപുറമേ വാരാണസിയിലെ പരിപാടിയിലും കാർഷികനിയമങ്ങളെ പിന്തുണച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തുവന്നത് സമരം നടത്തുന്ന കർഷകരെ കൂടുതൽ ക്ഷുഭിതരാക്കി. മോദി കർഷകരുടെ മൻകിബാത്ത് കേൾക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. ബുറാഡിയിൽപ്പോയി സമരം നടത്താനുള്ള നരേന്ദ്ര മോദി സർക്കാരിന്റെ ആവശ്യം ഏകാധിപത്യരീതിയാണെന്ന് ക്രാന്തികാരി കിസാൻ യൂണിയൻ നേതാവ് ദർശൻപാൽ കുറ്റപ്പെടുത്തി. കർഷകരുടെ ആവശ്യങ്ങൾ പരിഹരിക്കുന്നതിന് എതിരാണെന്നു വ്യക്തമാക്കുന്നതാണ് പ്രധാനമന്ത്രിയുടെ പ്രസ്താവനയെന്ന് ഓൾ ഇന്ത്യ കിസാൻ സംഘർഷ് കോ-ഓർഡിനേഷൻ കമ്മിറ്റി വിമർശിച്ചു.

ബുറാഡി തുറന്ന ജയിലാണെന്ന് ആരോപിച്ച കർഷകനേതാക്കൾ അവിടെയുള്ള കർഷകരെ ഉടൻ സ്വതന്ത്രരാക്കണമെന്നും ആവശ്യപ്പെട്ടു. ഗുരുനാനാക്ക് ജയന്തിദിനമായ തിങ്കളാഴ്ച മുദ്രാവാക്യങ്ങൾക്കുപുറമേ കീർത്തനങ്ങൾ പാടിയും പ്രാർഥന നടത്തിയും ഭക്ഷണം വിതരണം ചെയ്തുമൊക്കെ കർഷകർ ദേശീയപാതയിൽ ആഘോഷം നടത്തി.

അതിനിടെ, ഡൽഹിയിൽ നടക്കുന്ന കാർഷകപ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തമിഴ്‌നാട്ടിലും സമരം. തിരുച്ചിറപ്പള്ളിയിലും ദിണ്ടിഗലിലുമാണ് കർഷകർ സമരം നടത്തിയത്. തിരുച്ചിറപ്പള്ളി കളക്ടറേറ്റ് ഉപരോധിച്ച് സമരം നടത്തിയ 100-ലേറെ കർഷകരെ പോലീസ് അറസ്റ്റുചെയ്തുനീക്കി. ദിണ്ടിഗലിൽ റോഡ് ഉപരോധിച്ച് സമരം നടത്തിയ കർഷകരെ പോലീസ് അറസ്റ്റുചെയ്യാൻ ശ്രമിച്ചത് സംഘർഷത്തിന് കാരണമായി.

Content Highlights: Farmers' protest PM Narendra Modi