ന്യൂഡൽഹി: കർഷകപ്രക്ഷോഭത്തെ നേരിടാൻ ഡൽഹി പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചപ്പോൾ ബദൽനിയമം പ്രഖ്യാപിച്ച് സമരക്കാർ. ഡൽഹി-യു.പി. അതിർത്തിയിലെ ഗാസിപ്പുരിലാണ് കർഷകർ പ്രതീകാത്മകമായി ‘നിയമം’ പ്രഖ്യാപിച്ചത്. സമരക്കാർ ഡൽഹിയിലേക്ക്‌ പ്രവേശിക്കാതിരിക്കാൻ പോലീസ് 144 ഏർപ്പെടുത്തി. എങ്കിൽ ഞങ്ങൾ 288 പ്രഖ്യാപിക്കുന്നു എന്നായിരുന്നു കർഷകരുടെ മറുപടി. പോലീസ് വിലക്കിയിടത്തു പ്രതിഷേധക്കാർ പ്രവേശിക്കരുതെന്നുപറയുമ്പോൾ കർഷകർ വിലക്കിയിടത്ത് പോലീസും കയറാൻ പാടില്ലെന്ന് കർഷകർ പറയുന്നു.

ഡൽഹിയിലെ കൂടുതൽ അതിർത്തികളിൽ സമരം വ്യാപിപ്പിക്കാൻ തീരുമാനിച്ച പശ്ചാത്തലത്തിലാണ് ഗാസിപ്പുരിലേക്ക് കൂടുതൽ കർഷകർ എത്തിയത്. തുടർന്ന് പോലീസിനുപുറമേ ദ്രുതകർമസേന, ബി.എസ്.എഫ്., സി.ആർ.പി.എഫ്. എന്നിവയെ ഇവിടെ വിന്യസിച്ചു. ബാരിക്കേഡുകൾ തള്ളിനീക്കി മുന്നേറാൻ ചിലർ ശ്രമിച്ചു. തടഞ്ഞിടത്ത്‌ സമാധാനപരമായി ധർണയിരിക്കാൻ സമരം നയിക്കുന്ന ഭാരതീയ കിസാൻ യൂണിയൻ തീരുമാനിച്ചു.

രാജ്യത്തെ നിയമസംവിധാനത്തോടുള്ള അനാദരവല്ല തങ്ങളുടെ പ്രതീകാത്മക 288 പ്രഖ്യാപനമെന്ന് കിസാൻ യൂണിയൻ ദേശീയ വക്താവ് ചൗധരി രാകേഷ് ടിക്കായത്ത് പറഞ്ഞു. സമൂഹവിരുദ്ധർ നുഴഞ്ഞുകയറി പ്രശ്നമുണ്ടാക്കാതിരിക്കാനാണ് കർഷകർ ഒഴികെയുള്ളവർക്ക് പ്രവേശനം വിലക്കിയതെന്നും അദ്ദേഹം വിശദീകരിച്ചു.

പ്രക്ഷോഭം ആറാംദിവസത്തേക്ക്‌ പ്രവേശിച്ചതോടെ ഡൽഹി അതിർത്തികളിൽ ശക്തമായ കാവലാണ്. സിംഘു, തിക്രി, ഗാസിപ്പുർ പ്രദേശങ്ങളിലാണ് മുഖ്യമായും പ്രക്ഷോഭം. ഹരിയാണ അതിർത്തിയിലെ ഗുഡ്ഗാവിലും സുരക്ഷ കൂട്ടി.

അതിർത്തികൾ സ്തംഭിച്ചത്‌ ഡൽഹിയിലേക്കുള്ള പഴം, പച്ചക്കറി എന്നിവയുടെ വരവിനെ ബാധിച്ചു. പഞ്ചാബ്, ഹരിയാണ, ഹിമാചൽപ്രദേശ്, ജമ്മുകശ്മീർ എന്നിവിടങ്ങളിൽനിന്നുള്ള ചരക്കുനീക്കത്തെയാണ് ബാധിച്ചത്. ദിനംപ്രതി 2500 ചരക്കുവണ്ടികൾ എത്തിയിരുന്നത് ആയിരമായി കുറഞ്ഞു.