ന്യൂഡൽഹി: കർഷകപ്രക്ഷോഭം ഡൽഹിയിലെ അഞ്ച് അതിർത്തികളിലേക്ക് വ്യാപിക്കുന്നു. സർക്കാർ നിശ്ചയിച്ച സ്ഥലത്തു സമരം നടത്തിയാൽ ചർച്ചയാവാമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വാഗ്ദാനം തള്ളിക്കൊണ്ടാണ് പ്രതിഷേധം കൂടുതൽ ശക്തമാക്കാൻ സംയുക്ത കിസാൻ മോർച്ചയുടെ തീരുമാനം. ഇനിയുള്ള ചർച്ചകൾക്ക് കേന്ദ്രസർക്കാർ അധികാരപ്പെടുത്തിയ മന്ത്രിതലസമിതിയോ കാബിനറ്റ് കമ്മിറ്റിയോ വേണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.
ഇപ്പോൾ കർഷകർ തമ്പടിച്ചിട്ടുള്ള ഡൽഹി-ഹരിയാണ അതിർത്തികളായ സിംഘുവിലും തിഗ്രിയിലും ഞായറാഴ്ച കൂടുതൽ സമരക്കാരെത്തി. യു.പി.യിലെയും ഉത്തരാഖണ്ഡിലെയും കർഷകരും ഡൽഹിക്കു നീങ്ങിയിട്ടുണ്ടെന്ന് നേതാക്കൾ പറഞ്ഞു. ബുറാഡി എന്ന തുറന്ന ജയിലിലേക്ക് പോകുന്നതിനുപകരം ഡൽഹിയിലേക്കുള്ള അഞ്ചു പ്രവേശനപാതകൾ ഉപരോധിക്കാനാണ് തങ്ങളുടെ തീരുമാനമെന്ന് ഭാരതീയ കിസാൻ യൂണിയൻ (ക്രാന്തികാരി) അധ്യക്ഷൻ സുർജിത് എസ്. ഫൂൽ അറിയിച്ചു. നാലുമാസത്തേക്കുള്ള ഭക്ഷണസാമഗ്രികളുമായാണ് സമരക്കാർ എത്തിയിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ഡിസംബർ ഒന്നിന് രാജ്യവ്യാപക പ്രതിഷേധങ്ങൾ ആരംഭിക്കാൻ ഓൾ ഇന്ത്യ കിസാൻ സംഘർഷ് കോ-ഓർഡിനേഷൻ കമ്മിറ്റിയും തീരുമാനിച്ചു.
സമരരംഗത്തുള്ള പഞ്ചാബിലെ ക്രാന്തികാരി കിസാൻ യൂണിയൻ ഉൾപ്പെടെ 31 സംഘടനകൾക്ക് ശനിയാഴ്ച കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല കത്തയച്ചിരുന്നു. ബുറാഡിയിലേക്ക് സമരകേന്ദ്രം മാറ്റിയാൽ ഉടൻ ചർച്ചയാവാമെന്ന ആഭ്യന്തരമന്ത്രിയുടെ വാഗ്ദാനം കത്തിൽ അറിയിച്ചു. ഞായറാഴ്ച രാവിലെ സിംഘു അതിർത്തിയിലെ സമരവേദിയിൽ യോഗംചേർന്ന കർഷകസംഘടനകൾ ഇതു തള്ളി. കൃഷിയുമായോ കർഷകരുമായോ ബന്ധപ്പെട്ടതല്ല ആഭ്യന്തരമന്ത്രാലയമെന്ന് ക്രാന്തികാരി കിസാൻ യൂണിയൻ നേതാവ് ദർശൻ പാൽ സിങ് മാധ്യമങ്ങളോടു പറഞ്ഞു.
വിഷയത്തെ സർക്കാർ ഗൗരവമായി കാണുന്നെങ്കിൽ ഉപാധികൾ ഉപേക്ഷിക്കണം. പ്രശ്നപരിഹാരത്തിനുള്ള വ്യക്തമായ നിർദേശങ്ങളുണ്ടാക്കി നേരായ ചർച്ചയ്ക്കു വഴിയൊരുക്കണമെന്നതാണ് കർഷകരുടെ ആവശ്യം.
Content Highlight: Farmers Protest in Delhi