ന്യൂഡൽഹി: രാജ്യതലസ്ഥാനാതിർത്തികൾ സ്തംഭിപ്പിച്ചുള്ള സമരത്തിന്റെ അമ്പതാംദിവസം നടത്തിയ ഒമ്പതാംവട്ട ചർച്ചയിലും കർഷകരെ പിന്തിരിപ്പിക്കാൻ കഴിയാതെ കേന്ദ്രസർക്കാർ. എന്നാൽ, കഴിഞ്ഞ എട്ടുതവണയിൽനിന്ന് വ്യത്യസ്തമായിരുന്നു വെള്ളിയാഴ്ചത്തെ ചർച്ച. ചൊവ്വാഴ്ച വീണ്ടും കാണാമെന്ന ധാരണയിൽ ഇരുപക്ഷവും പ്രതീക്ഷകളോടെ പിരിഞ്ഞു. അവശ്യവസ്തുനിയമത്തിലെ ഭേദഗതികളെക്കുറിച്ച് വിശദചർച്ച നടന്നു. പക്ഷേ, കാർഷികനിയമങ്ങൾ റദ്ദാക്കാതെ പിന്നോട്ടില്ലെന്നനിലപാടിൽ സമരക്കാരും നിയമങ്ങൾ റദ്ദാക്കില്ലെന്ന് കേന്ദ്രവും ഉറച്ചുനിന്നതോടെ തീരുമാനം വഴിമുട്ടി.
അവശ്യവസ്തുനിയമത്തിലെ വ്യവസ്ഥകളിലൂന്നിയുള്ള ചർച്ചയ്ക്കിടെ ഭേദഗതികൾ വരുത്താൻ തയ്യാറാണെന്ന് വാണിജ്യമന്ത്രി പീയൂഷ് ഗോയൽ പറഞ്ഞു. വിലക്കയറ്റം, സ്റ്റോക്ക് പരിധി അടിച്ചേല്പിക്കൽ, നിയന്ത്രണവ്യവസ്ഥകൾ തുടങ്ങിയ പ്രശ്നങ്ങൾ ഉന്നയിക്കപ്പെട്ടു. എഫ്.സി.ഐ.യിലെ പ്രശ്നങ്ങളും ശാന്തകുമാർസമിതി റിപ്പോർട്ടും പൊതുവിതരണസംവിധാനം തുടരുന്നതുമൊക്കെ ചർച്ചയിലെ വിഷയങ്ങളായി.
നിയമങ്ങൾ നടപ്പാക്കുന്നത് സുപ്രീംകോടതി സ്റ്റേചെയ്തതിനാൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. പ്രശ്നപരിഹാരത്തിന് കർഷകർ നിർദേശംവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സുപ്രീംകോടതി നിയോഗിച്ച സമിതിയുമായി സഹകരിക്കില്ലെന്ന് കർഷകനേതാക്കൾ ആവർത്തിച്ചു. സമിതിയും കർഷകക്ഷേമത്തിനായി പ്രവർത്തിക്കുമെന്ന് കൃഷിമന്ത്രി നരേന്ദ്രസിങ് തോമർ ഉറപ്പുനൽകി. നിയമങ്ങൾ കാര്യക്ഷമമായി മനസ്സിലാവുന്ന ചിലരെ ഉൾപ്പെടുത്തി കർഷകർ ഒരു അനൗദ്യോഗികസമിതി രൂപവത്കരിക്കണമെന്ന ശുപാർശയും അദ്ദേഹം മുന്നോട്ടുവെച്ചു. കർഷകരുടെ ആശങ്കകളും പ്രതീക്ഷകളും ഉൾപ്പെടുത്തി വ്യക്തമായ നിർദേശങ്ങൾ ഈ സമിതി തയ്യാറാക്കിയാൽ തുറന്നമനസ്സോടെ സർക്കാരിന് അത് പരിഗണിക്കാമെന്നും അദ്ദേഹം അറിയിച്ചു. ഇക്കാര്യം കർഷകർ അംഗീകരിച്ചിട്ടില്ല.
സൗഹൃദാന്തരീക്ഷത്തിലാണ് ചർച്ചനടന്നതെന്ന് വ്യക്തമാക്കിയ കൃഷിമന്ത്രി അടുത്തചർച്ചയിൽ ചില തീരുമാനങ്ങളിൽ എത്താൻകഴിയുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു. യോഗം 120 ശതമാനം പരാജയപ്പെട്ടെന്ന് വിമർശിച്ചെങ്കിലും ചില പരിഹാരങ്ങൾക്ക് സാധ്യതയുണ്ടെന്ന് സംയുക്ത കിസാൻ മോർച്ച നേതാവ് ദർശൻപാൽ സിങ് പ്രതികരിച്ചു. ചർച്ചകൾ തുടരുമെന്ന് കർഷകനേതാവ് കവിത കുറുഗന്ധിയും പ്രശ്നപരിഹാരത്തിന് സാധ്യതയുണ്ടെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്തും വ്യക്തമാക്കി.
കർഷകദ്രോഹം ചോദ്യംചെയ്ത് നേതാക്കൾ
കേന്ദ്രവുമായുള്ള ചർച്ചയിൽ സമരത്തെ അവഹേളിക്കുന്ന നടപടികളെ വിമർശിച്ച് കർഷകനേതാക്കൾ. ഒരു മതവിഭാഗത്തിൽനിന്നുള്ളവർമാത്രമാണ് സമരത്തിലുള്ളതെന്ന് ചിത്രീകരിക്കുന്നതിനെ നേതാക്കൾ എതിർത്തതായി ചർച്ചയിൽ പങ്കെടുത്ത കവിത കുറുഗന്ധി മാധ്യമങ്ങളോടുപറഞ്ഞു. പഞ്ചാബിലെ ചില ട്രാൻസ്പോർട്ടർമാർക്കെതിരേ എൻ.ഐ.എ. അന്വേഷണംനടക്കുന്നത് ഉന്നയിച്ചതായി കിസാൻസഭ ജനറൽ സെക്രട്ടറി ഹനൻമൊള്ള പറഞ്ഞു. കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് കർഷകരെ ദ്രോഹിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
എന്നാൽ, കർഷകർ ഉന്നയിച്ച ഒട്ടേറെ ആവശ്യങ്ങൾ അംഗീകരിച്ചിട്ടും നിയമങ്ങൾ റദ്ദാക്കണമെന്ന ഒറ്റ നിലപാടുതന്നെ നേതാക്കൾ തുടരുന്നതിൽ കേന്ദ്രകൃഷിമന്ത്രി നരേന്ദ്രസിങ് തോമർ അതൃപ്തിയറിയിച്ചു. കർഷകരും വഴക്കം കാണിക്കേണ്ടതില്ലേയെന്നും അദ്ദേഹം ചോദിച്ചു.
Content Highlights: Farmers' protest Delhi