ന്യൂഡൽഹി: ഉത്തരേന്ത്യയിൽ വിളവെടുപ്പിനുശേഷമുള്ള ഉത്സവമായ ലോഹ്‌റിദിനത്തിൽ കാർഷികനിയമങ്ങൾ കത്തിച്ച് പ്രതിഷേധിച്ച് കർഷകസംഘടനകൾ. സിംഘു അതിർത്തിയിൽ ഒരുലക്ഷം കോപ്പികൾ കത്തിച്ചതായി സംയുക്ത കിസാൻമോർച്ച നേതാവ് പരംജീത് സിങ് പറഞ്ഞു.
വസന്തത്തിന് തുടക്കംകുറിക്കുന്ന സമയത്തെ ലോഹ്‌റിദിനത്തിൽ പ്രത്യേകം തീകൂട്ടിയുള്ള ആഘോഷങ്ങളും നടക്കാറുണ്ട്. തലസ്ഥാനാതിർത്തിക്കുപുറമേ പഞ്ചാബ്, ഹരിയാണ, യു.പി. സംസ്ഥാനങ്ങളിലും വ്യാപകമായി പ്രതിഷേധങ്ങൾ അരങ്ങേറി. ഇരുപതിനായിരത്തോളം കേന്ദ്രങ്ങളിൽ നിയമങ്ങളുടെ പകർപ്പുകൾ കത്തിച്ചെന്ന് കിസാൻ സംഘർഷ് കോ-ഓർഡിനേഷൻ കമ്മിറ്റി അറിയിച്ചു.
കർഷകപ്രക്ഷോഭം ബുധനാഴ്ച 50 ദിവസം പിന്നിട്ടു. പതിനെട്ടിന് മഹിളാകിസാൻ ദിനമായും ആചരിക്കും. കൂടാതെ, സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനമായ 23 മുതൽ 25 വരെ രാജ്ഭവനുകൾക്കുമുന്നിൽ ഉപരോധം നടത്താനും തീരുമാനിച്ചു. റിപ്പബ്ലിക് ദിനത്തിൽ സമാന്തര കിസാൻപരേഡ് നടത്തുമെന്നും കർഷകസംഘടനകൾ പ്രഖ്യാപിച്ചിട്ടുണ്ട്. സമരത്തിൽ അണിചേരാൻ കേരളത്തിൽനിന്നുള്ള അഞ്ഞൂറുപേർ വ്യാഴാഴ്ച ഡൽഹി-ജയ്‌പുർ ദേശീയപാതയിലെ ഷാജഹാൻപുരിൽ എത്തിച്ചേരും.
സമരം അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ വിളിച്ചിട്ടുള്ള ചർച്ച വെള്ളിയാഴ്ച വിജ്ഞാൻഭവനിൽ നടക്കും. കർഷകരുമായുള്ള ചർച്ച തുടരുമെന്ന് കൃഷിസഹമന്ത്രി പുരുഷോത്തം രൂപാള മാധ്യമങ്ങളോടുപറഞ്ഞു.
Content Highlights: Farmers Protest Delhi