ന്യൂഡൽഹി: കേരളമടക്കം അഞ്ചുസംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിൽ ബി.ജെ.പി.യെ തോൽപ്പിക്കാൻ അഭ്യർഥിച്ച് വോട്ടർമാർക്ക് കർഷകസമരക്കാരുടെ തുറന്നകത്ത്. സ്വന്തം അവകാശങ്ങൾക്കുവേണ്ടിയല്ല, ഭാവിതലമുറകൾക്കുവേണ്ടി രാജ്യത്തെ കാർഷികരംഗം രക്ഷിക്കാനാണ് തങ്ങളുടെ സമരമെന്ന് സംയുക്ത കിസാൻ മോർച്ച അയച്ച കത്തിൽ വ്യക്തമാക്കി. ജനങ്ങൾക്കിടയിൽ കത്ത്‌ വിതരണം ചെയ്യുമെന്ന് നേതാക്കൾ അറിയിച്ചു.

“മൂന്നരമാസമായി ഡൽഹിയുടെ പടിവാതിൽക്കൽ ട്രാക്ടറുകളും ട്രോളികളുമായി, സ്വന്തം ഗ്രാമങ്ങൾവിട്ട് കുത്തിയിരിക്കയാണ് കർഷകർ. മുന്നൂറോളം കർഷകരുടെ ജീവൻ ഇതിനകം പൊലിഞ്ഞുകഴിഞ്ഞു. കർഷകരോട്‌ കൂടിയാലോചിക്കാതെ, കോർപ്പറേറ്റുകൾക്കും വൻകിടക്കാർക്കുംവേണ്ടി ബി.ജെ.പി. സർക്കാർ കൊണ്ടുവന്നതാണ് കാർഷികനിയമങ്ങൾ. സത്യം, നന്മ, നീതി, ഭരണഘടനാമൂല്യങ്ങൾ എന്നിവയുടെയൊന്നും ഭാഷ മോദി സർക്കാരിന്‌ മനസ്സിലാവില്ല. അവർക്ക് വോട്ട്, സീറ്റ്, അധികാരം എന്നിവയുടെ ഭാഷമാത്രമേ അറിയൂ. അധികാരമോഹികളും കർഷകവിരുദ്ധരുമായ ബി.ജെ.പി.യെ ഒരു പാഠം പഠിപ്പിക്കാനുള്ള അവസരമാണിത്. ആർക്ക്‌ വോട്ടുചെയ്യണമെന്ന് കിസാൻ മോർച്ച ആവശ്യപ്പെടില്ല. പക്ഷേ, ബി.ജെ.പി.ക്ക് വോട്ടുചെയ്യരുതെന്ന് അഭ്യർഥിക്കുന്നു” -കത്തിൽ പറയുന്നു.

Content Highlights: Farmers' protest BJP