ന്യൂഡൽഹി: കേരളമുൾപ്പെടെ നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിൽ ബി.ജെ.പിയെ തോൽപ്പിക്കാൻ കർഷകർ പ്രചാരണരംഗത്തിറങ്ങും. കർഷകദ്രോഹനയങ്ങൾ സ്വീകരിക്കുന്ന ബി.ജെ.പിക്ക് വോട്ട് നൽകരുതെന്ന് ജനങ്ങളോട് അഭ്യർഥിക്കുമെന്ന് കർഷക സമരം നയിക്കുന്ന സംയുക്ത കിസാൻ മോർച്ച അറിയിച്ചു. ഇതിനായി കർഷകനേതാക്കൾ കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾ സന്ദർശിക്കും. മാർച്ച് 12-ന് പശ്ചിമബംഗാളിൽ പര്യടനത്തിനു തുടക്കം കുറിക്കും.

ബി.ജെ.പിയെ തോൽപ്പിക്കണമെന്നു മാത്രമേ പ്രചാരണങ്ങളിൽ കർഷകർ ജനങ്ങളോട് അഭ്യർഥിക്കൂ. പ്രതിപക്ഷത്തെ ഏതെങ്കിലും പാർട്ടിക്കായി പ്രത്യേകമായി വോട്ടു ചോദിക്കില്ലെന്നും നേതാക്കൾ വ്യക്തമാക്കി. ‘ബി.ജെ.പിക്കെതിരേ കർഷകർ, ബി.ജെ.പിയെ ശിക്ഷിക്കുക’ എന്നീ മുദ്രാവാക്യങ്ങളുമായാണ് പ്രചാരണപരിപാടി. അഞ്ചു സംസ്ഥാനങ്ങളിലെ വോട്ടർമാർക്ക് കർഷകനേതാക്കൾ കത്തയയ്ക്കും. സംസ്ഥാനങ്ങളിൽ കർഷകസംഘടനകൾ നടത്തുന്ന പ്രചാരണങ്ങളിൽ ദേശീയനേതാക്കൾ പങ്കെടുക്കും.

കിസാൻ മോർച്ച നേതാവ് ബൽബീർ സിങ് രജേവാൾ 15-ന് ആലപ്പുഴ കുട്ടനാട്ടിലെ കർഷകയോഗത്തിനെത്തും. കേരളത്തിൽ ബി.ജെ.പിയുടെ സിറ്റിങ് സീറ്റായ നേമത്ത് പ്രത്യേക പ്രചാരണം നടത്തും. മറ്റു ചില മണ്ഡലങ്ങളിലും ബി.ജെ.പിയെ തോൽപ്പിക്കാൻ രംഗത്തിറങ്ങും.

Content Highlights: Farmers' protest BJP