ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ അതിർത്തികളിൽ ഒരുവർഷം പിന്നിട്ട കർഷകപ്രക്ഷോഭം ഒത്തുതീർപ്പിലെത്താൻ വഴിയൊരുങ്ങുന്നു.

കാർഷികനിയമങ്ങൾ റദ്ദാക്കിയതിനു പിന്നാലെ, കർഷകർ ഉന്നയിച്ച വിഷയങ്ങൾ പരിഗണിക്കാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംയുക്ത കിസാൻ മോർച്ചയെ രേഖാമൂലം അറിയിച്ചു. കിസാൻ മോർച്ച നേതാക്കളായ ബൽബീർ സിങ് രജേവാൾ, യുദ്ധ് വീർ സിങ് എന്നിവരെ ആഭ്യന്തരമന്ത്രി അമിത് ഷാ നേരിൽ വിളിച്ചും ഉറപ്പുനൽകി. സമരം നിർത്തി അതിർത്തികളിൽനിന്നു മടങ്ങണമെന്നാണ് ആഭ്യന്തരമന്ത്രിയുടെ അഭ്യർഥന.

തുടർന്ന്, സിംഘു അതിർത്തിയിൽ ചേർന്ന കിസാൻ മോർച്ചയുടെ യോഗം കേന്ദ്രമയച്ച കത്ത് വിശദമായി ചർച്ചചെയ്തു. സമരം തുടരുന്നതിനെക്കുറിച്ച് ബുധനാഴ്ച നിർണായക തീരുമാനമെടുക്കുമെന്ന് നേതാക്കൾ അറിയിച്ചു. കിസാൻ മോർച്ച രൂപവത്കരിച്ച അഞ്ചംഗ സമിതിയുമായി ബുധനാഴ്ച ഉച്ചയ്ക്കുമുമ്പ് അമിത് ഷാ ചർച്ച നടത്തുമെന്ന് അറിയുന്നു. ഉച്ചയ്ക്ക് രണ്ടിന് സിംഘുവിൽ യോഗം ചേർന്ന് കിസാൻ മോർച്ചയുടെ തീരുമാനം പ്രഖ്യാപിക്കും. അതിനുമുമ്പ് വ്യക്തത വരുത്താനുള്ള വിഷയങ്ങളിൽ കർഷകരുടെ അഞ്ചംഗസമിതി കേന്ദ്രവുമായി ആശയവിനിമയം നടത്തും.

രണ്ട് ആവശ്യങ്ങളിൽ കേന്ദ്രം നിലപാട് വ്യക്തമാക്കിയിട്ടില്ല. വിളവുകൾക്ക് താങ്ങുവില നിയമപരമായി ഉറപ്പാക്കുന്നതിനെക്കുറിച്ച് കത്തിൽ പരാമർശമില്ല. ഉത്തർപ്രദേശിലെ ലഖിംപുർ ഖേരി അക്രമത്തിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയ്ക്കെതിരായ നടപടിയുടെ കാര്യവും വ്യക്തമാക്കിയിട്ടില്ല. വൈദ്യുതി ഭേദഗതിബില്ലിൽ കർഷകദ്രോഹവ്യവസ്ഥകൾ പിൻവലിക്കും, ദേശീയ തലസ്ഥാന മേഖലയിൽ രൂപവത്കരിച്ച കമ്മിഷൻ വയലുകളിൽ കാർഷികാവശിഷ്ടങ്ങൾ കത്തിക്കുന്നതിനു പിഴ നിശ്ചയിച്ച വ്യവസ്ഥ റദ്ദാക്കും എന്നിവ സ്വീകാര്യമാണെന്ന് യോഗം വിലയിരുത്തി.

സമരം നിർത്തിയാലേ ക്രിമിനൽ കേസുകൾ പിൻവലിക്കൂവെന്ന ഉപാധി അംഗീകരിക്കാനാവില്ലെന്ന് കിസാൻ മോർച്ച നേതാവ് ബൽബീർ സിങ് രജേവാൾ മാധ്യമങ്ങളോടു പറഞ്ഞു.

കേന്ദ്രത്തിന്റെ വാഗ്ദാനങ്ങൾ

1. വിളകൾക്ക് താങ്ങുവിലയുടെ കാര്യത്തിൽ പ്രത്യേക സമിതി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ കർഷകവിഭാഗത്തിൽ കിസാൻ മോർച്ച പ്രതിനിധികളെ ഉൾപ്പെടുത്താം. 2. കർഷകസമരത്തിനിടെയുള്ള കേസുകൾ പിൻവലിക്കാൻ യു.പി., ഹരിയാണ സർക്കാരുകൾ സമ്മതിച്ചിട്ടുണ്ട്. പക്ഷേ, അതിർത്തികളിലെ പ്രക്ഷോഭം അവസാനിപ്പിക്കാൻ കർഷകർ തയ്യാറാവണം. 2 (എ). കേന്ദ്രസർക്കാർ ഏജൻസികളും മറ്റു സംസ്ഥാനങ്ങളും എടുത്ത കേസുകൾ പിൻവലിക്കുന്നതിൽ സമരം നിർത്തിയാൽ തീരുമാനമെടുക്കാം. 3. പ്രക്ഷോഭത്തിനിടെ മരിച്ചവർക്ക് നഷ്ടപരിഹാരം നൽകാമെന്ന് ഹരിയാണ, യു.പി. സംസ്ഥാന സർക്കാരുകൾ തത്ത്വത്തിൽ സമ്മതിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ പഞ്ചാബ് സർക്കാരും പ്രഖ്യാപനം നടത്തിയിട്ടുണ്ട്. 4. വൈദ്യുതി ഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിക്കുന്നതിനുമുമ്പ് എല്ലാവരുമായും കൂടിയാലോചന നടത്താം. 5. ദേശീയ തലസ്ഥാനമേഖലയിലെ വായുമലിനീകരണ നിയന്ത്രണ നിയമത്തിലുള്ള 14, 15 വകുപ്പുകളിൽ ക്രിമിനൽ ബാധ്യതയിൽനിന്ന് കർഷകരെ ഒഴിവാക്കാം.