ന്യൂഡൽഹി: ആരവങ്ങളുമായി രാജ്യതലസ്ഥാനാതിർത്തികളിൽ നൂറുകണക്കിനു ട്രാക്ടറുകൾ നിരന്നു. ആയിരക്കണക്കിനു കർഷകർ ഒരേ സ്വരത്തിൽ മുദ്രാവാക്യങ്ങളുയർത്തി. മധുരം വിതരണംചെയ്തു. കർഷകപ്രക്ഷോഭത്തിന്റെ വാർഷികത്തിൽ ഡൽഹി അതിർത്തികളിലെ സിംഘുവിലും തിക്രിയിലും ഗാസിപുരിലുമായിരുന്നു ഈ കാഴ്ചകൾ.

ബഹുവർണമുള്ള കൊടികളേന്തിയും തൊഴിലാളി-കർഷക ഐക്യമെന്ന് മുദ്രാവാക്യം വിളിച്ചും പാട്ടുപാടി നൃത്തമാടിയുമായിരുന്നു വാർഷികാഘോഷം. നിയമങ്ങൾ പിൻവലിക്കപ്പെട്ടതിന്റെ വിജയം പങ്കുവെക്കുമ്പോഴും ഇനിയും നിറവേറാനുള്ള ആവശ്യങ്ങളെക്കുറിച്ചും സമരപ്രഖ്യാപനങ്ങളും നേതാക്കളുടെ വാക്കുകളിൽ തുടിച്ചു. ഭാവിസമരം തീരുമാനിക്കാനുള്ള നിർണായകയോഗം ശനിയാഴ്ച നടക്കുമെന്ന് നേതാക്കൾ അറിയിച്ചു.

ദർശൻപാൽ ഉൾപ്പെടെയുള്ള കിസാൻ മോർച്ച നേതാക്കൾ അതിർത്തികളിലെ വാർഷികപരിപാടികൾക്കു നേതൃത്വം നൽകി. പി. സായ്‌നാഥ്, ആനിരാജ, പി. കൃഷ്ണപ്രസാദ് തുടങ്ങിയവർ സിംഘുവിൽ അണിനിരന്നു. ഭാരതീയ കിസാൻ യൂണിയൻ (ഏകത-ഉഗ്രഹാൻ) നയിക്കുന്ന തിക്രിയിലെ സമരമുഖവും ആരവങ്ങളുടെ അലയിളക്കി. ഗാസിപുരിൽ കർഷകനേതാക്കളായ രാകേഷ് ടിക്കായത്ത്, യോഗേന്ദ്രയാദവ്, അശോക് ധാവ്‌ളെ തുടങ്ങിയവർക്കൊപ്പം മേധാ പട്കർ ഉൾപ്പെടെയുള്ള സാമൂഹികപ്രവർത്തകരും പങ്കാളികളായി.

വിദ്യാർഥികളും വനിതകളും തൊഴിലാളികളുമടക്കമുള്ളവർ വാർഷികാഘോഷത്തിൽ പങ്കെടുത്തു. കർണാടകയിൽ ബെംഗളൂരു, ചിക്കബല്ലാപുർ, ബെൽഗാം തുടങ്ങിയ സ്ഥലങ്ങളിൽ ദേശീയ ഹൈവേ ഉപരോധിച്ചു. പട്‌നയിൽ കർഷകരും തൊഴിലാളികളും സംയുക്തമായി പ്രകടനം നടത്തി. തമിഴ്‌നാട്, ജാർഖണ്ഡ്, ഒഡിഷ, തെലങ്കാന സംസ്ഥാനങ്ങളിലൊക്കെ റാലികൾ നടന്നു. പഞ്ചാബും ഹരിയാണയും ഉത്തർപ്രദേശുമൊക്കെ ആവേശത്തിരയിലായിരുന്നു. ബ്രിട്ടൻ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലും ഐക്യദാർഢ്യപരിപാടികൾ നടന്നതായി കിസാൻ മോർച്ച അറിയിച്ചു.