ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ കാർഷികനിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മയ്ക്ക് കർഷകൻ കത്തയച്ചു. പഞ്ചാബ് ഫിറോസാപുർ സ്വദേശി ഹർപ്രീത് സിങ്ങാണ് മോദിയുടെ അമ്മ ഹീരബെന്നിന് കത്തയച്ചത്. മൂന്ന് കർഷകനിയമങ്ങളും പിൻവലിക്കണമെന്ന് മാതാവ് മോദിയോട് ആവശ്യപ്പെടണമെന്നാണ് കത്തിലുള്ളത്.
സമരമുഖത്തുളള കർഷകയ്ക്കുവേണ്ടിയാണ് താൻ ഈ കത്തെഴുതുന്നതെന്നും മകനെ പറഞ്ഞു മനസ്സിലാക്കി ഇതിൽനിന്ന് പിന്തിരിപ്പിക്കണമെന്നും ഹർപ്രീത് അപേക്ഷിച്ചു. ഒരാൾക്കും തന്റെ അമ്മയെ കേൾക്കാതിരിക്കാൻ ആകില്ലെന്ന വിശ്വാസമാണ് തന്നെക്കൊണ്ട് കത്തെഴുതിച്ചതെന്നും അദ്ദേഹം പറഞ്ഞു.
‘വളരെ ദുഃഖത്തോടെയാണ് ഞാൻ ഈ കത്ത് എഴുതുന്നത്. അമ്മയ്‌ക്കറിയാവുന്നതുപോെല മൂന്ന് കറുത്തനിയമങ്ങൾ കാരണം രാജ്യത്തെ ഊട്ടുന്ന അന്നദാതാക്കൾ കുറെ ദിവസങ്ങളായി ഡൽഹിയിലെ റോഡുകളിലാണ് ഉറങ്ങുന്നത്. അവരിൽ പ്രായമേറിയവരും കുട്ടികളുമുണ്ട്. തണുത്ത കാലാവസ്ഥ അവരെ രോഗികളാക്കുന്നു. അവർ രക്തസാക്ഷിത്വം വരിക്കുകയാണ് അതും ആശങ്കപ്പെടുത്തുന്നതാണ്.’ -ഹർപ്രീത് സിങ്ങ് കത്തിൽ പറയുന്നു.
content highlights: farmer writes letter to pm modi's mother heera ben