ന്യൂഡൽഹി: അതിശൈത്യം കൂസാതെ പ്രക്ഷോഭം തുടർന്ന കർഷകർ വരാനിരിക്കുന്ന വേനലിനെ നേരിടാനും തയ്യാറെടുത്തു. കാർഷികനിയമങ്ങൾ പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാട് ആവർത്തിച്ച് ഡൽഹി അതിർത്തികളിൽ വേനൽച്ചൂടിനെ പ്രതിരോധിക്കാനുള്ള ഒരുക്കങ്ങൾ ഊർജിതമാക്കി.

ഡൽഹി-ഹരിയാണ അതിർത്തിയിലെ തിക്രിയിൽ കുടിവെള്ള ലഭ്യത ഉറപ്പാക്കാൻ 25-30 കിലോമീറ്റർ പരിധിയിൽ നൂറോളം കുഴൽകിണറുകൾ നിർമിച്ചു കഴിഞ്ഞു. കുടിവെള്ള സൗകര്യമൊരുക്കാൻ കർഷകർക്കിടയിൽ നിന്നായി 25 ലക്ഷം രൂപ സമാഹരിച്ചു കഴിഞ്ഞതായി സംയുക്ത കിസാൻ മോർച്ച നേതാക്കൾ അറിയിച്ചു.

നാലായിരം കൂളറുകൾ ഉടൻ തിക്രിയിലെത്തും. ഇടതടവില്ലാതെ വൈദ്യുതി ലഭ്യതയ്ക്കായി സോളാർ പാനലുകളും സ്ഥാപിച്ചു തുടങ്ങി. കൂടാതെ, കൂടുതൽ ശുചിമുറികളും സമരകേന്ദ്രത്തിൽ താത്‌കാലികമായി നിർമിക്കും. മുഖ്യസമരകേന്ദ്രമായ സിംഘുവിലും സമാന ഒരുക്കങ്ങൾ നടന്നുവരുന്നുണ്ട്.

വിളവെടുപ്പിന്റെ സമയമായതിനാൽ അതിർത്തികളിൽ നിന്നും കർഷകർ ഗ്രാമങ്ങളിലേക്കു പോവുന്നുണ്ട്. അത് സമരത്തെ ബാധിക്കാതിരിക്കാൻ ആഴ്ചയിൽ ഓരോ സംഘംവീതം സമരകേന്ദ്രത്തിൽ ഇരിക്കുകയും മറ്റുള്ളവർ പോവുകയുമാണ് ഇപ്പോൾ. ഗാസിപ്പുർ അതിർത്തിയിൽ യു.പിയിലെ ഒരു ഗ്രാമത്തിൽ നിന്നും 20 പേർ വീതം ഓരോ ആഴ്ചയും സമരകേന്ദ്രത്തിലെത്തി മടങ്ങിപ്പോവുന്നു. തിക്രിയിൽ ദിവസവും 200-250 ട്രാക്ടറുകൾ വീതം വരുന്നുണ്ട്. സിംഘു അതിർത്തിയിലേക്കും ഹരിയാണയിലെയും പഞ്ചാബിലെയും കർഷകർ എത്തുന്നുണ്ട്.

അതിനിടെ, റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിയിൽ പോലീസുമായി ഉണ്ടാക്കിയ ധാരണ ലംഘിച്ചിട്ടില്ലെന്നു വ്യക്തമാക്കി കിസാൻ മോർച്ച ശനിയാഴ്ച ഡൽഹി പോലീസ് കമ്മിഷണർ എസ്.എൻ. ശ്രീവാസ്തവയ്ക്കു കത്തു നൽകി.