ന്യൂഡൽഹി :കോവിഡ് പ്രതിരോധത്തിന്റെ മുൻനിരപ്പോരാളികളായ ആരോഗ്യപ്രവർത്തകരെ ആദരിക്കാൻ പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളോട് ആഹ്വാനം ചെയ്ത പാത്രംകൊട്ടലിനെ സമരമുറയാക്കാൻ കർഷകർ. പ്രധാനമന്ത്രി ‘മൻ കീ ബാത്ത്’ നടത്തുന്ന 27-ന് വീടുകളിൽ പാത്രംകൊട്ടി പ്രതിഷേധിക്കാൻ രാജ്യത്തെ ജനങ്ങളോട് അഭ്യർഥിക്കുന്നതായി ഭാരതീയ കിസാൻ യൂണിയൻ നേതാവ് ജഗജീത് സിങ് ദലേവാല പറഞ്ഞു.

സമരരംഗത്തുള്ളവർക്ക് ഒരു രാഷ്ട്രീയപ്പാർട്ടിയുമായും ബന്ധമില്ലെന്ന് ‘ദില്ലി ചലോ’ സമരം നയിക്കുന്ന സംയുക്ത കിസാൻ മോർച്ചയുടെ ഭാഗമായ ഓൾ ഇന്ത്യ കിസാൻ സംഘർഷ് കോ-ഓർഡിനേഷൻ കമ്മിറ്റി വ്യക്തമാക്കി. കർഷകപ്രക്ഷോഭത്തെത്തുടർന്ന് രാഷ്ട്രീയപ്പാർട്ടികൾ അവരുടെ നിലപാട് മാറ്റാൻ നിർബന്ധിതമായെന്നതാണ് യാഥാർഥ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി, കൃഷിമന്ത്രി തോമർ എന്നിവർക്കെഴുതിയ കത്തുകളിൽ കോ-ഓർഡിനേഷൻ കമ്മിറ്റി അഭിപ്രായപ്പെട്ടു. പ്രശ്നം വഴിതിരിച്ചുവിടാൻ കൃഷിമന്ത്രി ശ്രമിക്കുകയാണെന്നും കത്തിൽ കുറ്റപ്പെടുത്തി.

പ്രതിരോധത്തിന്റെ ഭാഗമായി കാർഷികനിയമങ്ങളുടെ നേട്ടങ്ങൾ വിവരിച്ച് കൃഷിമന്ത്രി തോമർ ഹിന്ദിയിൽ കർഷകസംഘടനകൾക്ക് എഴുതിയ കത്ത് പ്രാദേശികഭാഷകളിലേക്ക് പരിഭാഷപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്രസർക്കാർ.

കർഷകസമരത്തിനിടെ കൊടുംതണുപ്പിലും അപകടങ്ങളിലുമായി മരിച്ച നാൽപതോളം പേർക്ക് ആദരമർപ്പിച്ച് ഡൽഹിയിലെ സമരകേന്ദ്രങ്ങളിലും മറ്റുമായി ഞായറാഴ്ച ശ്രദ്ധാഞ്ജലിസഭകൾ നടന്നു. രാജ്യത്തെ 22 സംസ്ഥാനങ്ങളിലായി ഒരുലക്ഷത്തോളം ഗ്രാമങ്ങളിൽ ശ്രദ്ധാഞ്ജലിസഭ നടന്നതായി കർഷകനേതാക്കൾ അറിയിച്ചു.

ഡൽഹിയിലെ താപനില ഞായറാഴ്ച 3.4 ഡിഗ്രി സെൽഷ്യസിലേക്ക് താണെങ്കിലും അതിശൈത്യം വകവെക്കാതെ സമരം തുടരുകയാണ് കർഷകർ. ഹരിയാണയിൽനിന്നും പടിഞ്ഞാറൻ യു.പി.യിൽനിന്നുമുള്ള കൂടുതൽ കർഷകരെത്തിയതോടെ ഗാസിപ്പുർ, ഷാജാപ്പുർ അതിർത്തികളിലും സമരം ശക്തമായി. മഹാരാഷ്ട്രയിൽ നിന്നുള്ള കർഷകർ തിങ്കളാഴ്ച നാസിക്കിൽനിന്ന് ദില്ലി ചലോ മാർച്ച് തുടങ്ങും. മുംബൈയിലെ കുർള-ബാന്ദ്ര സമുച്ചയത്തിലുള്ള അംബാനി, അദാനി ഓഫീസുകൾക്കു മുന്നിലേക്കുള്ള കർഷകറാലി ചൊവ്വാഴ്ച നടക്കും.

യു.പി.യിൽ കർഷകനിയമത്തെ അനുകൂലിച്ച് 20,000ത്തോളം കർഷകർ ട്രാക്ടർ റാലി നടത്തി. കർഷകനിയമത്തിന്റെ ഗുണം വിശദീകരിച്ച് ബി.ജെ.പി. എം.പി. ഹൻസ്‌രാജ് ഡൽഹിയിലെ ഗ്രാമങ്ങളിൽ പ്രചാരണം നടത്തി.

content highlights: farmer's protest against narendra modi