ന്യൂഡൽഹി: കേന്ദ്രസർക്കാരിനെ പ്രതിസന്ധിയിലാക്കി ഏഴുസംസ്ഥാനങ്ങളിൽ പത്തുദിവസം നീളുന്ന കർഷകസമരത്തിന്‌ തുടക്കം. മധ്യപ്രദേശിൽമാത്രം പ്രഖ്യാപിച്ചിരുന്ന സമരം മറ്റുസംസ്ഥാനങ്ങളിലെ കർഷകർ ഏറ്റെടുക്കുകയായിരുന്നു. മധ്യപ്രദേശിനുപുറമേ ഹരിയാണ, രാജസ്ഥാൻ, ഉത്തർപ്രദേശ്, ജമ്മുകശ്മീർ, മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങളിലെ കർഷകരാണ്‌ രാഷ്ട്രീയ കിസാൻ മഹാസംഘിന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ചമുതൽ സമരത്തിനിറങ്ങിയത്.

മധ്യപ്രദേശിലെ മൻസോറിൽ കഴിഞ്ഞവർഷം ജൂണിൽ ആറുകർഷകർ വെടിയേറ്റുമരിച്ചതിന്റെ ഒന്നാംവാർഷികത്തോടനുബന്ധിച്ചായിരുന്നു കർഷകസമരം പ്രഖ്യാപിച്ചത്. കാർഷികകടങ്ങൾ എഴുതിത്തള്ളുക, വിളകൾക്ക്‌ സർക്കാർ വാഗ്‍ദാനംചെയ്ത താങ്ങുവില നൽകുക, സ്വാമിനാഥൻ കമ്മിഷൻ ശുപാർശകൾ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

സമരം അവസാനിക്കുന്ന ജൂൺ 10-ന്‌ രാജ്യവ്യാപകമായി ഉച്ചയ്ക്ക്‌ രണ്ടുവരെ ഭാരതബന്ദ് നടത്തും. അന്ന്‌ രണ്ടുമണിവരെ കടകൾ അടച്ചിടണമെന്ന്‌ വ്യാപാരികളോട് അഭ്യർഥിക്കുമെന്ന്‌ മഹാസംഘ് കൺവീനർ ശിവകുമാർ ശർമ പറഞ്ഞു.

സമരത്തിനെതിരേ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും രംഗത്തെത്തി. കോൺഗ്രസ് ആസൂത്രണംചെയ്ത സമരമാണിതെന്ന്‌ സിങ് ആരോപിച്ചു. സമരം രാഷ്ട്രീയപ്രേരിതമാണെന്നായിരുന്നു ചൗഹാന്റെ ആരോപണം.

പതിവ്‌ കർഷകസമരങ്ങളിൽനിന്ന്‌ വ്യത്യസ്തമായി കാർഷികോത്പന്നങ്ങൾ നഗരങ്ങളിലെ വിപണികളിലെത്തിക്കാതെയുള്ള സമരമാണ് ഇത്തവണത്തേതെന്ന്‌ ശർമ വ്യക്തമാക്കി. പ്രകടനങ്ങൾ നടത്തുകയോ വാഹനങ്ങൾ തടയുകയോ റോഡുകൾ ഉപരോധിക്കുകയോ ചെയ്യില്ല. പകരം കാർഷികോത്പന്നങ്ങളും പാലുത്പന്നങ്ങളും കർഷകർ നഗരങ്ങളിലേക്കയക്കില്ല. ഗ്രാമങ്ങളിൽത്തന്നെ വിറ്റഴിക്കും. നഗരങ്ങളിലുള്ളവർക്ക് ആവശ്യമെങ്കിൽ ഗ്രാമങ്ങളിലെത്തി ഇവ വാങ്ങാം. ഇതോടെ നഗരങ്ങളിൽ പച്ചക്കറികൾക്കും പാലുത്പന്നങ്ങൾക്കും ഭക്ഷ്യവസ്തുക്കൾക്കും വിലയേറുമെന്നുറപ്പായി.

പ്രതിഷേധം സമാധാനപരമായിരിക്കുമെന്ന്‌ നേതാക്കൾ പറയുമ്പോഴും പലയിടങ്ങളിലും പച്ചക്കറികളുമായിപ്പോയ വാഹനങ്ങൾ സമരക്കാർ തടയുകയും പച്ചക്കറികളുംമറ്റും വാഹനങ്ങളിൽനിന്ന്‌ റോഡിലേക്ക് വലിച്ചെറിയുകയും ചെയ്ത സംഭവങ്ങളുണ്ടായി.

130 കർഷകസംഘടനകളുടെ കൂട്ടായ്മയാണ്‌ രാഷ്ട്രീയ കിസാൻ മഹാസംഘ്. സമരത്തിന് ഇരുന്നൂറോളം സംഘടനയുടെ പിന്തുണയുണ്ടെന്ന്‌ അവർ വ്യക്തമാക്കി. എന്നാൽ, 190-ലേറെ കർഷകസംഘടനകളുടെ കൂട്ടായ്മയായ അഖിലേന്ത്യാ കിസാൻ സംഘർഷ സമന്വയ സമിതി സമരത്തിൽ പങ്കെടുക്കുന്നില്ല. അഖിലേന്ത്യാ കിസാൻ മഹാസഭ, പെസന്ത് ആൻഡ് വർക്കേഴ്‌സ് പാർട്ടി, കിസാൻ സഭ, പ്രഹാർ സംഘട്‌ന, ഷേട്കാരി സംഘട്‌ന, സ്വരാജ് അഭിയാൻ, സ്വാഭിമാനി ഷേട്കാരി തുടങ്ങിയ സംഘടനകളും സമരത്തിൽനിന്ന്‌ വിട്ടുനിൽക്കുകയാണ്.