ന്യൂഡൽഹി: കാർഷികനിയമങ്ങൾ പിൻവലിക്കില്ലെന്നും പ്രക്ഷോഭത്തിലുള്ള കർഷകരുമായി ചർച്ചതുടരാൻ കേന്ദ്രം ഒരുക്കമാണെന്നും ആവർത്തിച്ച് കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ. മൂന്നു നിയമങ്ങളിൽ യുക്തിസഹമായ എതിർപ്പുന്നയിക്കാൻ സമരക്കാർക്കു കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കർഷകരെ കബളിപ്പിക്കുന്ന താങ്ങുവില തട്ടിപ്പ് കേന്ദ്രസർക്കാർ തുടരുകയാണെന്ന് രാജ്യതലസ്ഥാനാതിർത്തികളിൽ സമരം ചെയ്യുന്ന കർഷകസംഘടനകൾ ആരോപിച്ചു. നെല്ലിന്റെയും പയറു-പരിപ്പുവർഗങ്ങളുടെയും താങ്ങുവില കൂട്ടിയ പ്രഖ്യാപനം തികച്ചും അപര്യാപ്തമാണെന്ന് സംയുക്ത കിസാൻമോർച്ച വിമർശിച്ചു.

എല്ലാ കൃഷിച്ചെലവും സമഗ്രമായി ഉൾക്കൊണ്ടാണ് താങ്ങുവില നിർണയിക്കേണ്ടതെന്ന് കിസാൻമോർച്ച ചൂണ്ടിക്കാട്ടി. ചില ചെലവുകൾമാത്രം ഉൾപ്പെടുത്തിയാണ് ഇപ്പോൾ താങ്ങുവിലനിർണയം. ഈ രീതി കർഷകന് ഒരുവിധത്തിലും ഗുണംചെയ്യില്ല. അതിനാലാണ് നിലവിലെ കാർഷികനിയമങ്ങൾ പിൻവലിച്ച് താങ്ങുവില നിയമപരമാക്കിയുള്ള പുതിയ നിയമനിർമാണത്തിന് സർക്കാർ തയ്യാറാകണമെന്ന് കർഷകസംഘടനകൾ ആവശ്യപ്പെടുന്നത്.

കാർഷികനിയമങ്ങൾ പൂർണമായും പിൻവലിച്ചാൽ മാത്രമേ ചർച്ചയ്ക്കുള്ളുവെന്ന നിലപാട് കർഷകർ തിരുത്തണമെന്ന് നീതി ആയോഗ്‌ കൃഷിവിഭാഗം അംഗം ഡോ. രമേഷ് ചന്ദിന്റെ പരാമർശം വിഷയം മനസ്സിലാക്കാതെയാണെന്നും കിസാൻമോർച്ച നേതാക്കൾ പറഞ്ഞു.