ന്യൂഡൽഹി: പാർലമെന്റ് പാസാക്കിയ കാർഷിക നിയമങ്ങൾക്കെതിരേ പുതിയ നിയമങ്ങൾ പാസാക്കാൻ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളായ പഞ്ചാബും രാജസ്ഥാനും ഛത്തീസ്ഗഢും. ഭരണഘടനയുടെ സംസ്ഥാന പട്ടികയിൽപ്പെട്ട വിഷയമാണ് കൃഷി എന്നതിനാലാണ് ഈ തീരുമാനം.

പഞ്ചാബ് ഇതിനായി തിങ്കളാഴ്ച നിയമസഭ വിളിച്ചു. രാജസ്ഥാൻ നിയമസഭ നവംബർ രണ്ടിന് ചേരാനാണ് ആലോചിക്കുന്നത്. ഗവർണർ അംഗീകാരം നൽകിയില്ലെങ്കിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്തും. ഛത്തീസ്ഗഢിൽ മൂന്നിനോ നാലിനോ തീരുമാനമുണ്ടാവും. ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് വൈകുന്നതെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. തിങ്കളാഴ്ച തുടങ്ങുന്ന രാഹുൽ ഗാന്ധിയുടെ മൂന്നുദിവസത്തെ വയനാട് മണ്ഡല സന്ദർശനം കഴിഞ്ഞാൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തതവരും.

ബി.ജെ.പി. നേതൃത്വംനൽകുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കർഷക, സ്ത്രീ വിരുദ്ധ നയങ്ങൾക്കെതിരേ സമരം തുടരാൻ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഞായറാഴ്ച വീഡിയോ കോൺഫറൻസിലൂടെ വിളിച്ച എ.ഐ.സി.സി. ജനറൽ സെക്രട്ടറിമാരുടെയും ചുമതലക്കാരുടെയും യോഗം തീരുമാനിച്ചു.

സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ ജന്മദിനവും ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വദിനവുമായ ഒക്ടോബർ 31 കർഷക, തൊഴിലാളി വിരുദ്ധ നിയമനിർമാണത്തിനെതിരേ ‘കിസാൻ അധികാർ ദിവസ്’ ആയി ആചരിക്കുമെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. ജില്ലാ ആസ്ഥാനങ്ങളിൽ രാവിലെ 10 മുതൽ വൈകീട്ട് നാലുവരെ സത്യാഗ്രഹവും ഉപവാസവും നടത്തും. ഹാഥ്‌റസിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട യുവതിക്ക് നീതിലഭിക്കാനും സ്ത്രീകൾക്കും ദളിതർക്കും നേരെയുള്ള അതിക്രമങ്ങൾ തടയാനും നവംബർ അഞ്ചിന് ധർണനടത്തും. സംസ്ഥാന ആസ്ഥാനങ്ങളിൽ 10 മുതൽ രണ്ടുവരെ നടക്കുന്ന സമരത്തിൽ രാജ്യത്തുടനീളം ആവർത്തിച്ചുനടക്കുന്ന അതിക്രമങ്ങൾ ഉയർത്തിക്കാട്ടും.

ജവാഹർലാൽ നെഹ്രുവിന്റെ ജന്മദിനമായ നവംബർ 14 ദീപാവലികൂടി ആയതിനാൽ 13-ന് എല്ലാ സംസ്ഥാന ആസ്ഥാനങ്ങളിലും ‘നെഹ്രുവിന്റെ ആശയങ്ങളും രാജ്യനിർമാണവും’ എന്ന വിഷയത്തിൽ സിമ്പോസിയം നടത്തും. 14-ന് നെഹ്രു സ്വാശ്രയ ഇന്ത്യക്കായി തുടങ്ങിവെച്ച പൊതുമേഖലാ സ്ഥാപനങ്ങൾക്കായി ‘സ്പീക്ക് അപ്പ് ഫോർ പി.എസ്.യു.’ എന്ന പേരിൽ ഓൺലൈൻ പ്രചാരണം നടത്തും. കർഷകവിരുദ്ധ നിയമങ്ങൾക്കെതിരായ ഒരുമാസത്തെ വിപുലമായ ഒപ്പുശേഖരണം നടത്താനും തീരുമാനിച്ചു.

Content Highlights: Farm laws Congress