ന്യൂഡൽഹി: കാർഷികനിയമങ്ങൾ ചോദ്യംചെയ്യുന്ന ഹർജികളിൽ സുപ്രീംകോടതി നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് നൂറുശതമാനവും കർഷകർക്ക് അനുകൂലമാണെന്ന് സമിതിയംഗം അവകാശപ്പെട്ടു. കാർഷികനിയമങ്ങൾക്ക് ഒട്ടേറെ പോരായ്മകളുണ്ടെങ്കിലും സമരംചെയ്യുന്ന കർഷകർ ആവശ്യപ്പെടുന്നതുപോലെ അവ റദ്ദാക്കണമെന്ന് സമിതിക്ക് അഭിപ്രായമില്ലെന്ന് സമിതിയംഗം അനിൽ ജെ. ഘൻവാത്ത് വ്യക്തമാക്കി.

അഞ്ചുമാസംമുമ്പ്‌ സമർപ്പിച്ച റിപ്പോർട്ട് സുപ്രീംകോടതി എത്രയുംവേഗം പരിഗണിക്കണമെന്നും ഷേത്കാരി സംഘടനാ പ്രസിഡന്റ് കൂടിയായ ഘൻവാത്ത് ആവശ്യപ്പെട്ടു. റിപ്പോർട്ട് പരസ്യമാക്കണമെന്നുകാട്ടി സെപ്റ്റംബർ ഒന്നിന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് ഘൻവാത്ത് കത്തെഴുതിയിരുന്നു.

കാർഷികനിയമങ്ങളിലെ പോരായ്മകൾ പരിഹരിക്കേണ്ടതുണ്ട്. അഞ്ചുമാസംമുമ്പ്‌ റിപ്പോർട്ട് സമർപ്പിച്ചെങ്കിലും എന്തുകൊണ്ടാണ് അത് പുറത്തുവിടാൻ വൈകുന്നതെന്ന് അറിയില്ല. കർഷകരുടെ എല്ലാ ആശങ്കകളും റിപ്പോർട്ടിൽ പരിഗണിച്ചിട്ടുണ്ട്. കർഷകസമരത്തിന് പരിഹാരം കാണാൻ സമിതിയുടെ ശുപാർശകൾക്ക് കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഘൻവാത്ത് പറഞ്ഞു.

കാർഷികനിയമങ്ങൾ നടപ്പാക്കുന്നത് സ്റ്റേചെയ്ത സുപ്രീംകോടതി, ഇക്കാര്യം പരിശോധിക്കാൻ ജനുവരി 12-ന് രൂപവത്കരിച്ച സമിതിയിൽ അശോക് ഗുലാത്തി, പ്രമോദ് കുമാർ ജോഷി എന്നിവരും അംഗങ്ങളാണ്.