തിരുവനന്തപുരം: പെട്രോളിലും ഡീസലിലും കാർഷിക സെസ് ഏർപ്പെടുത്താനുള്ള ബജറ്റ് പ്രഖ്യാപനം സംസ്ഥാനങ്ങളുടെ വരുമാനം കുറയ്ക്കും. കേരളത്തിൽ പെട്രോളിന് ലിറ്ററിന് 13 പൈസയും ഡീസലിന് 2.5 പൈസയും സംസ്ഥാനത്തിനു കിട്ടുന്ന നികുതിവിഹിതത്തിൽ കുറയുമെന്ന് ധനവകുപ്പ് കണക്കാക്കുന്നു. സെസിന്റെ വിഹിതം കേന്ദ്രം സംസ്ഥാനങ്ങൾക്കു കൈമാറേണ്ടതില്ലെന്നതിനാലാണ് നഷ്ടം വരുന്നത്.

പെട്രോളിന് 2.5 രൂപയും ഡീസലിന് നാലുരൂപയുമാണ് കാർഷിക സെസ്. വില കൂടാതിരിക്കാൻ എക്‌സൈസ് ഡ്യൂട്ടി കുറച്ചാണ് കേന്ദ്രം സെസ് ഏർപ്പെടുത്തിയത്. എക്‌സൈസ് ഡ്യൂട്ടിക്ക് മൂന്നു ഘടകങ്ങളുണ്ട്. അടിസ്ഥാന എക്‌സൈസ് ഡ്യൂട്ടി, അഡീഷണൽ എക്‌സൈസ് ഡ്യൂട്ടി, റോഡ് സെസ് എന്നിവയാണവ. ഇതിൽ അടിസ്ഥാന എക്‌സൈസ് ഡ്യൂട്ടിയുടെ വിഹിതമാണ് സംസ്ഥാനങ്ങൾക്കു കൈമാറേണ്ടത്. ഈ ഘടകത്തിൽ കുറവുവരുത്തി, പകരം സംസ്ഥാനങ്ങൾക്കു വീതംവെക്കേണ്ടതില്ലാത്ത സെസ് ഏർപ്പെടുത്തുകയാണ് കേന്ദ്രം ചെയ്തത്.

മദ്യത്തിന്റെ കാര്യത്തിൽ കസ്റ്റംസ് ഡ്യൂട്ടിയിൽ കുറവുവരുത്തിയാണ് കാർഷിക സെസ് ഏർപ്പെടുത്തിയത്. കസ്റ്റംസ് ഡ്യൂട്ടി ഇറക്കുമതിക്കു മാത്രമാണ് ബാധകം. ഇന്ത്യൻ നിർമിത വിദേശമദ്യത്തെ ഇത് ബാധിക്കില്ലെന്നാണ് വിലയിരുത്തൽ.

Content Highlights: Farm cess Kerala